മിഴക രാഷ്ട്രീയം അശാന്തമായി തുടരും. ശനിയാഴ്ച ചെന്നൈയില്‍ സെന്റ് ജോര്‍ജ് കോട്ടയിലെ നിയമസഭാ മന്ദിരത്തില്‍ നിന്നും ഉയരുന്ന കാഴ്ചകള്‍ ജനാധിപത്യ വിശ്വാസികളെ ഒട്ടും തന്നെ ആഹ്ലാദിപ്പിക്കുന്നതല്ല. വിശ്വാസവോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ അനുവദിക്കാതെ ഡിഎംകെയും ഒപിഎസ് പക്ഷവും സഭയ്ക്കുള്ളില്‍ ആക്രമം അഴിച്ചുവിടുകയായിരുന്നു. 230 അംഗങ്ങളാണ് ശനിയാഴ്ച സഭയിലെത്തിയത്. 116 പേര്‍ പിന്തുണച്ചാല്‍ പഴനിസാമി സര്‍ക്കാരിന് അധികാരത്തില്‍ തുടരാം. ഡിഎംകെ ക്യാമ്പില്‍ കരുണാനിധി എത്തിയിട്ടില്ലെന്നതിനാല്‍ 97 പേരുണ്ട്. ഒപിഎസ് പക്ഷത്ത് 11 പേരാണുള്ളതെന്നാണറിയുന്നത്. അങ്ങിനെ വരുമ്പോള്‍ 108 പേരാണ് വിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്യുക. പഴനിസാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇതുകൊണ്ടാവില്ല.

അപ്പോള്‍ പിന്നെ വിശ്വാസ വോട്ട് നടക്കരുതെന്നതാണ് ഒപിഎസ് - ഡിഎംകെ ക്യാമ്പിന്റെ ലക്ഷ്യം. 108 പേര്‍ തമിഴ്‌നാട് നിയമസഭയില്‍ ശക്തമായ സംഘമാണ്. സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ ഇവര്‍ക്ക് എളുപ്പത്തില്‍ കഴിയും. സ്പീക്കര്‍ പി. ധനപാല്‍ ശശികലാ പക്ഷത്താണെന്നതില്‍ സംശയമില്ല. രഹസ്യ വോട്ടെടുപ്പ് എന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെ അക്കാര്യത്തില്‍ തീരുമാനമായതാണ്. രഹസ്യ വോട്ടെടുപ്പ് കൂറുമാറ്റ നിരോധന നിയമത്തിന്റെ അന്ത:സത്ത തകര്‍ക്കുന്നതാണെന്നതിനാല്‍ ഇക്കാര്യത്തില്‍ സ്പീക്കറെ കുറ്റം പറയാനാവില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ശനിയാഴ്ച തന്നെ എങ്ങിനെയും വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുക എന്നതായിരിക്കും സ്പീക്കറുടെ ലക്ഷ്യം. ഡിഎംകെ അംഗങ്ങളെ  പുറത്താക്കാനുള്ള സ്പീക്കറുടെ തീരുമാനം ഈ വഴിക്കുള്ളതാണ്. വോട്ടെടുപ്പ് നീളുന്തോറും കുതിരക്കച്ചവടങ്ങള്‍ക്കുള്ള സാദ്ധ്യത വലുതാണ്. സ്പീക്കറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. നിയമസഭയ്ക്കുള്ളില്‍നിന്നും കാര്യങ്ങള്‍ വീണ്ടും ഗവര്‍ണറുടെ അടുത്തെത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

പഴനിസാമി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് അപകടമാണെന്ന് ഡിഎംകെയും ഒപിഎസ് പക്ഷവും ഒരുപോലെ തിരിച്ചറിയുന്നുണ്ട്. ഈ കളിയില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വീണ്ടും ബിജെപിയുടെ തിരക്കഥ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രപതി ഭരണമാവും തമിഴകത്തെ കാത്തിരിക്കുന്നത്. എന്തായാലും ജനാധിപത്യം തമിഴകത്ത് വീണ്ടും പരീക്ഷിക്കപ്പെടുകയാണ്.