എടപ്പാടി പളനിസാമി, വി.കെ. ശശികല, പനീർസെൽവം | photo: ANI, PTI
റോയ്പേട്ടയിലെ അവ്വൈ ഷണ്മുഖം റോഡില്‍ വലിയ ആള്‍ക്കൂട്ടം. പോലീസ് ബാരിക്കേഡ് കെട്ടി ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചു. കയ്യില്‍ രണ്ടില ചിഹ്നമുള്ള കൊടിയേന്തി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ആദ്യം ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എത്തി. തൊട്ടുപിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും വന്നു. ബൊക്കകളുമായി കാത്തുനിന്ന നേതാക്കളോടൊപ്പം ഇരുവരും അണ്ണാ ഡി.എം.കെ. ഓഫീസിലേക്ക്.
അധികം താമസിയാതെ, രാവിലെ പത്ത് മണിയോടെ പ്രഖ്യാപനം. ആദ്യം പളനിസാമിയുടെ ഊഴം. അണ്ണാ ഡി.എം.കെയ്ക്ക് 11 അംഗ ഉന്നതാധികാര സമിതി പ്രഖ്യാപിച്ചു പളനിസാമി. പാര്‍ട്ടിയുടെ പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുക ഇനി ഈ സമിതിയാണ്. അണ്ണന് ഒ. പനീര്‍സെല്‍വം എന്ന് അഭിസംബോധന ചെയ്ത് ആരംഭിച്ച ലഘു പ്രസംഗം പളനിസാമി അവസാനിപ്പിച്ച ശേഷം മൈക്ക് പനീര്‍സെല്‍വത്തിന്. അദ്ദേഹം പ്രഖ്യാപിച്ചു. ''2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അണ്ണാ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും.'' ഹര്‍ഷാരവത്തോടെ വേദിയും സദസ്സും പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകരും ഈ പ്രഖ്യാപനത്തെ വരവേറ്റു.
ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് അവസാനിക്കുമോ അണ്ണാ ഡി.എം.കെയിലെ കലഹം എന്നതാണ് ആദ്യ ചോദ്യം. അവസാനിക്കില്ല എന്ന് ഒറ്റവാക്കില്‍ പറയാം. ഇപ്പോഴുണ്ടായിരിക്കുന്നത് നേതാക്കള്‍ ഓരോരുത്തരുടേയും സാധ്യതയും പരിമിതിയും മനസ്സിലാക്കിയുള്ള ഒത്തുതീര്‍പ്പാണ്. പാര്‍ട്ടിയിലും ഭരണത്തിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് വലിയ സ്വാധീനമുണ്ട്. അഞ്ച് എം.എല്‍.എമാര്‍ മാത്രമാണ് പനീര്‍സെല്‍വത്തിന് ഒപ്പമുള്ളത്. 2017-ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്ത് പോയി പിന്നീട് തിരിച്ചു വരുമ്പോള്‍ 11 എം.എല്‍.എമാര്‍ പനീര്‍സെല്‍വത്തിന് ഒപ്പമുണ്ടായിരുന്നു.
മൂന്ന് വര്‍ഷത്തിനിപ്പുറം അവരെ മുഴുവന്‍ ആളുകളെപ്പോലും കൂടെ നിര്‍ത്താനുള്ള ശേഷി പനീര്സെല്വത്തിനില്ല. പക്ഷേ പളനിസാമി ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതിനൊപ്പം നേതാക്കളെയും ചേര്‍ത്തുപിടിച്ചു. പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹികളും പളനിസാമിക്കൊപ്പമാണ്. പനീര്‍സെല്‍വത്തിനൊപ്പമുള്ളത് തേവര് വിഭാഗവും ബി.ജെ.പിയുമാണ്.
ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യത്തില്‍ പനീര്‍സെല്‍വത്തിന് ഉറച്ച് നില്ക്കാന് കഴിയാഞ്ഞത്. എങ്കിലും പനീര്‍സെല്‍വം ഉടക്കിയാല്‍ അതിന്റേതായ പ്രശ്നമുണ്ടാകും എന്ന് മനസ്സിലാക്കിയ പളനിസാമി പക്ഷം ചില വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായി. ആ വിട്ടുവീഴ്ചയാണ് 11 അംഗ ഉന്നതാധികാര സമിതിയുടെ രൂപത്തില്‍ വന്നത്. സമിതി രൂപീകരിക്കണം എന്നും അതില്‍ തന്റെ പക്ഷത്തിന് ഭൂരിപക്ഷം വേണമെന്നും മൂന്ന് വര്‍ഷമായി ആവശ്യപ്പെടുന്നുണ്ട് പനീര്‍സെല്‍വം.
എന്നാല്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉന്നതാധികാര സമിതി രൂപീകരിച്ചപ്പോള്‍ ഭൂരിപക്ഷം പളനിസ്വാമിക്കായി. മന്ത്രിമാരായ ദിണ്ടിഗല്‍ ശ്രീനിവാസന്, പി. തങ്കമണി, എസ്.പി. വേലുമണി, ഡി. ജയകുമാര്‍, സി.വി. ഷണ്മുഖം, ആര്. കാമരാജ് എന്നിവര്‍ എടപ്പാടി പക്ഷത്തുനിന്നും ജെ.സി.ടി. പ്രഭാകര്‍, മനോജ് പാണ്ഡ്യന്, പി. മോഹന്‍, ഗോപാലകൃഷ്ണന്, മാണിക്യം എന്നിവര്‍ പനീര്‍സെല്‍വ പക്ഷത്ത് നിന്നും ഉന്നതാധികാര സമിതിയില്‍ എത്തി. ഇനി പാര്‍ട്ടി എന്ത് തീരുമാനം എടുക്കുമ്പോഴും പളനിസാമിയുടെ നിലപാടാണ് നിര്‍ണ്ണായകമാകുക.
തന്റെ ആവശ്യം കുറച്ചെങ്കിലും അംഗീകരിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്ന് പനീര്സെവത്തിന് ആശ്വസിക്കാം. അണ്ണാ ഡി.എം.കെയുടെ ഏക ലോക്സഭ അംഗമായ മകന് രവീന്ദ്രനാഥ് കുമാറിന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കണമെന്ന ഒരാവശ്യം കൂടി പനീര്സെല്വത്തിനുണ്ട്. അക്കാര്യത്തില്‍ തീരുമാനം എന്താകുമെന്നറിയാന്‍ കാത്തിരിക്കാം. പക്ഷേ, ഭരണത്തിന്റെ നേതാവ് പളനിസ്വാമിയും പാര്‍ട്ടിയുടെ നേതാവ് താനുമെന്ന പനീര്‍സെല്‍വത്തിന്റെ നിര്‍ദ്ദേശം നിരാകരിക്കപ്പെട്ടു.
ഒരാഴ്ച മുന്‍പ് പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് യോഗത്തിനു ശേഷമാണ് ഒ.പി.എസ്. - ഇ.പി.എസ്. പക്ഷങ്ങള്‍ക്കിടയിലെ വിടവ് രൂക്ഷമായത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഒക്ടോബര്‍ ഏഴിന് പ്രഖ്യാപിക്കാന്‍ ആ യോഗം തീരുമാനിച്ചിരുന്നു. പിറ്റേ ദിവസം മുതല്‍ പനീര്‍സെല്‍വത്തിന്റെ ചെന്നൈയിലെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് ഗ്രൂപ്പ് യോഗങ്ങള്‍ നടന്നു. സമാന്തരമായി പളനിസാമിയുടെ വീട്ടിലും. അതു കഴിഞ്ഞ് പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പനീര്‍സെല്‍വം സ്വന്തം നാടായ തേനിയില്‍ പോയപ്പോള്‍ അവിടെയും ചര്‍ച്ചകള്‍ തുടര്‍ന്നു. പനീര്‍സെല്‍വം തിരിച്ചെത്തിയ ശേഷം ചൊവ്വാഴ്ച വൈകീട്ട് ആറിന് തുടങ്ങിയ സമവായ ചര്‍ച്ച ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുപ്പത് വരെ നീണ്ടു. ഉന്നതാധികാര സമിതിയിലെ അംഗങ്ങളെ തീരുമാനിക്കുന്നതിലായിരുന്നു ചര്‍ച്ച നീണ്ടു പോയത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയാണ് അടുത്ത ചോദ്യം. അണ്ണാ ഡി.എം.കെ. നേതൃത്വം നല്കുന്ന, ബി.ജെ.പി. കൂടി പങ്കാളികളായ തമിഴ്നാട്ടിലെ എന്‍.ഡി.എ. സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത തീരെ കുറവ് എന്നാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് ഏറ്റവും പ്രധാന ഉദാഹരണം. തേനി എന്ന ഒറ്റ സീറ്റില്‍ മാത്രമാണ് എന്‍.ഡി.എയ്ക്ക് ഒരു വര്‍ഷം മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. മറ്റെല്ലായിടത്തും ലക്ഷക്കണക്കിന് വോട്ടിനാണ് പരാജയപ്പെട്ടത്.
ബിജെപിയുടെ മന്ത്രി പൊന്‍ രാധാകൃഷ്ണന് പോലും വലിയ ഭൂരിപക്ഷത്തിന് തോറ്റു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന എന്‍.ഡി.എ. സര്‍ക്കാര്‍ എടുത്ത പ്രധാന തീരുമാനങ്ങളൊക്കെയും തമിഴ്നാട്ടില്‍ വലിയ എതിര്‍വികാരം ഉയര്‍ത്തിയിട്ടുണ്ട്. കശ്മീരിലെ മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്ത് കളഞ്ഞത്, സി.എ.എ., എന്‍.ആര്.സി., കാര്‍ഷിക ബില്ല്, വൈദ്യുത മേഖലയുടെ സ്വകാര്യ വത്ക്കരണം, വിദ്യാഭ്യാസ ബില്ല് തുടങ്ങി ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിവാദം വരെ എന്‍.ഡി.എയ്ക്ക് എതിരാണ് തമിഴ്നാട്ടില്‍.
വലിയ സമരം ഈ വിഷയങ്ങളിലെല്ലാം തമിഴ്നാട്ടില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ഹാഥ്റസ് സംഭവം വരെ തമിഴ്നാട്ടില്‍ പ്രതിഫലിക്കും. ന്യൂനപക്ഷ, ദളിത് വോട്ടുകള്‍ അണ്ണാ ഡി.എം.കെയില്‍നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കാര്യമായി വിട്ടുപോയതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് അണ്ണാ ഡി.എം.കെയ്ക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.
ബി.ജെ.പി. പറയുന്ന കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന ഒരു പാവ സര്‍ക്കാരാണ് തമിഴ്നാട്ടിലുള്ളത് എന്ന ആക്ഷേപവും പളനിസ്വാമിയും കൂട്ടരും പേറുന്നുമുണ്ട്. ഈ വെല്ലുവിളികളെല്ലാം ഒരു ഭാഗത്ത്. ഒപ്പം കൂടെയുള്ള സഖ്യകക്ഷികള്‍ ശക്തരുമല്ല. അണ്ണാ ഡി.എം.കെ. കഴിഞ്ഞാല്‍ പിന്നെ അഞ്ച് ശതമാനം വോട്ട് തികച്ച് കിട്ടുന്ന ഏക പാര്‍ട്ടി പാട്ടാളി മക്കള്‍ കക്ഷിയാണ് സഖ്യത്തിലുള്ളത്. വിജയ്കാന്തിന്റെ ഡി.എം.ഡി.കെയും ജി.കെ. വാസന്റെ തമിഴ് മാനില കോണ്‍ഗ്രസുമെല്ലാം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.
മറുഭാഗത്ത് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് പ്രതിപക്ഷ സഖ്യത്തിന്റെ അനിഷേധ്യ നേതാവാണ്. വോട്ട് ശതമാനം കുറവെങ്കിലും കോണ്‍ഗ്രസ്, എം.ഡി.എം.കെ., സി.പി.എം., സി.പി.ഐ., മുസ്ലിം ലീഗ്, വി.സി.കെ. തുടങ്ങിയ പാര്‍ട്ടികള്‍ കെട്ടുറപ്പോടെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ നയിക്കുന്നു. സീറ്റ് വിഭജനത്തില്‍ തര്ക്കമുണ്ടായില്ലെങ്കില് ഇതേ സഖ്യം തന്നെ തുടരും. പക്ഷേ, രജനികാന്ത് പാര്‍ട്ടി രൂപീകരിക്കുമോ? രൂപീകരിച്ചാലും എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കും? ആരുടെ കൂടെ നില്ക്കും? രജനിയും കമലും കൈകോര്‍ക്കുമോ? ടി.ടി.വി. ദിനകരന്റെ പ്ലാന്‍ എന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ ഡി.എം.കെയ്ക്ക് മുന്നിലുണ്ട്.
ഒറ്റയ്ക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനമായി നിന്നിട്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തേനി ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും നന്നായി വോട്ടു പിടിക്കാന്‍ ടി.ടി.വി. ദിനകരനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിനും കഴിഞ്ഞു. ദിനകരനെയും ശശികലയെയും അണ്ണാ ഡി.എം.കെയില്‍ തിരച്ചെത്തിക്കാനുള്ള ഒരു ഇടപെടല്‍ ബി.ജെ.പി. നടത്തുന്നുണ്ട്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞമാസം ദിനകരനെ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഡല്‍ഹിയിലെത്തിയ ദിനകരന് ജെ.പി. നഡ്ഡയുമായി നേരിട്ടും അമിത് ഷായുമായി വീഡിയോ കോള്‍ വഴിയും സംസാരിച്ചു.
ഒരുമിച്ച് നിന്ന് എന്‍.ഡി.എയുടെ സീറ്റ് നില മെച്ചപ്പെടുത്തണം എന്നതാണ് ബി.ജെ.പി. ദിനകരനോട് ആവശ്യപ്പെട്ടത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ശശികലയ്ക്ക് ലഭിച്ചാല്‍ ഇക്കാര്യം പരിഗണിക്കാമെന്ന നിലപാടാണ് ദിനകരന് സ്വീകരിച്ചത്. അത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തിരക്കിട്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ അണ്ണാ ഡി.എം.കെ. തീരുമാനിച്ചതിന് പിന്നിലും ഇത്തരം നീക്കങ്ങള്‍ക്ക് പങ്കുണ്ട്. ബി.ജെ.പിയുടെ ലക്ഷ്യം തമിഴ്നാട്ടില്‍ ഇത്തവണ അക്കൗണ്ട് തുറക്കുക എന്നതാണ്. എന്നാല്‍ നില പന്തിയല്ല എന്ന് അവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ദിനകരനെയും ശശികലയെയും അണ്ണാ ഡി.എം.കെയില്‍ തിരിച്ചെത്തിക്കാനുള്ള ഇടപെടല്‍ നടത്തുന്നത്.
ജയലളിത എന്ന നേതാവിന്റെ മരണശേഷം തമിഴ്നാട്ടിലെ ഓരോ രാഷ്ട്രീയ നീക്കങ്ങളും ശ്രദ്ധിച്ചാല്‍ കുറേ കാര്യങ്ങള്‍ വ്യക്തമാകും. നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു ജയലളിതയുടെ മരണം. അവരുടെ മരണശേഷം ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രിയായി. പിന്നീട് ശശികലയ്ക്കായി മാറിക്കൊടുത്തു. ആയിടയ്ക്കാണ് ഖനി മുതലാളി ശേഖര്‍ റെഡ്ഡിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കണക്കില്‍പെടാത്ത 170 കോടി രൂപയും 127 കിലോ സ്വര്‍ണവും പിടികൂടി.
ഇതില്‍ ഞെട്ടിപ്പിക്കുന്ന കാര്യം 34 കോടി രൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകളായിരുന്നു പിടിച്ചടുത്തിരുന്നത്. നോട്ട് നിരോധനം കഴിഞ്ഞ് ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളെല്ലാം അരി വാങ്ങാന്‍ പോലും പണമില്ലാതെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുകയും ചിലരെല്ലാം കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്ത ദിവസങ്ങളിലാണ് കോടികളുടെ പുതിയ നോട്ട് ശേഖര്‍ റെഡ്ഡിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.
പണവും സ്വര്‍ണവും മാത്രമല്ല. ആ റെയ്ഡില്‍ കുറേ രേഖകളും ഡയറികളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഡയരിയില്‍ ഒ. പനീര്‍സെല്‍വത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവരമുണ്ടായിരുന്നു. കേസ് സി.ബി.ഐ. ഏറ്റെടുത്തു. കൂടുതല്‍ അറസ്റ്റ് നടന്നു. ഉന്നത ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീളുന്നുവെന്ന വാര്‍ത്തകള്‍ വന്നു. പെട്ടെന്നൊരുദിനം ഒ. പനീര്‍ സെല്‍വം ജയലളിത സമാധിയില്‍ ധര്‍മ്മസമരം ആരംഭിച്ചു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വി.കെ. ശശികലയ്ക്ക് ബംഗളൂരിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് പോകേണ്ടി വന്നു. തമിഴ്നാട്ടില്‍ ഇത്രയും രാഷ്ട്രീയനാടകങ്ങള്‍ നടക്കുന്നതിനിടയിലാണ് കോടതി ഇടപെടല്‍ ഉണ്ടായത് എന്നത് മറ്റൊരു കാര്യം. വിശ്വസ്തനായ എടപ്പാടി പളനിസാമിയെ ഭരണം ഏല്‍പ്പിച്ച്, അമ്മാ സമാധിയില്‍ പോയി ശപഥം ചെയ്ത് ശശികല ജയിലിലേക്ക്. പളനിസാമി പുറമെനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ആദ്യം വഴിങ്ങിയില്ല.
ആര്.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ ഉള്‍പ്പെടെ സര്‍ക്കാരിലെ പ്രമുഖരുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. 5.5 കോടി രൂപ പിടിച്ചെടുത്തു. നേരത്തേ പനീര്‍സെല്‍വത്തിന്റെ പേര് ശേഖര്‍ റെഡ്ഡിയുടെ വീട്ടില്‍നിന്ന് കിട്ടിയ പോലെ പളനിസാമിയുമായുള്ള സാമ്പത്തിക ബന്ധത്തിന്റെ വിവരങ്ങള്‍ ഈ റെയ്ഡുകളില് കണ്ടെത്തി. അതിന് ശേഷം പളനിസാമിയും വഴങ്ങി. പനീര്‍സെല്‍വം - പളനിസാമി പക്ഷങ്ങള്‍ ലയിച്ചു. വി.കെ. ശശികലയെയും ബന്ധു ടി.ടി.വി. ദിനകരനെയും പാര്‍ട്ടി പുറത്താക്കി. എല്ലാം തിരക്കഥപോലെ. ആ തിരക്കഥയുടെ ബാക്കി വീണ്ടും നടപ്പിലാക്കപ്പെടുകയാണ് തിരഞ്ഞെടുപ്പ് കാലത്ത്.
ഇതിനെല്ലാമിടയില്‍ ഭരണം വലിയ പ്രശ്നങ്ങളില്ലാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന എടപ്പാടി പളനിസാമി നേതാവായി വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പനീര്‍സെല്‍വത്തെ മൂലയിലേക്ക് മാറ്റിയിരുത്താന്‍ കഴിഞ്ഞതും. ഒരധ്യായമാണ് താല്‍ക്കാലികമായി അവസാനിക്കുന്നത്. ശശികലയുടെ ജയില്മോചനത്തോടെ അടുത്ത, വലിയ അധ്യായം ആരംഭിക്കും. അതിനായി കാത്തിരിക്കാം.
Content Highlights:
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..