ചെന്നൈ: കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട എ.എസ്.ഐ വില്‍സണിന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. നേരത്തെ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാര്‍ത്താണ്ഡത്ത്‌ റോഡ് ഉപരോധിച്ചിരുന്നു. 

മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തഫീക്ക് എന്നിവര്‍ക്കായി പോലീസ്‌ ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. വില്‍സണ്‍ വെടിയേറ്റും കുത്തേറ്റും മരണപ്പെട്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകം ആസൂത്രിതമെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ മറ്റൊരു എസ്‌ഐ ദൃസാക്ഷിയാണെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടിലുണ്ട്. 

തീവ്രവാദ ബന്ധം സംശയിച്ച് പ്രതികളുമായി ബന്ധമുള്ളവരെ നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് എഎസ്‌ഐയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. അതേസമയം പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച പരാമര്‍ശങ്ങള്‍ എഫ്‌ഐആര്‍ റിപ്പോര്‍ട്ടിലില്ല. 

Read More : എ.എസ്.ഐ വില്‍സണ്‍ന്റെ കൊലപാതകം: അതിര്‍ത്തി ഗ്രാമം ഭീതിയില്‍

പ്രതികളുമായി നേരിട്ട് ബന്ധമുള്ള മൂന്നുപേരെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് പ്രതികളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

Content Highlights; tamilnadu government decided to give one crore compensation for asi family