ചെന്നൈ: പഴനിസാമി വിശ്വാസവോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന്‍ സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണയിച്ചത്. 122 വോട്ടാണ് പഴനിസാമിക്ക് ലഭിച്ചത്. 11 അംഗങ്ങള്‍ എതിര്‍ത്തു.

സംഘര്‍ഷമുണ്ടാക്കിയ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്. ഡിഎംകെ-കോണ്‍ഗ്രസ് അംഗങ്ങളെയാണ് സ്പീക്കര്‍ പുറത്താക്കിയത്.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാവിലെ സഭ നിര്‍ത്തിവെച്ചിരുന്നു. ഒരു മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴും ഡിഎംകെ അംഗങ്ങള്‍ ബഹളം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ ധനപാലന്‍ സഭയില്‍ നിന്ന് പുറത്താക്കി.

സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച ഡിഎംകെ എംഎല്‍എമാരെ ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്. സ്പീക്കറുടെ നടപടിയ്‌ക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണറെ കണ്ടു.

stalin
നിയമസഭയിലെ കയ്യാങ്കളിക്കിടയില്‍ കീറിയ
ഷര്‍ട്ടുമായി പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍

Read | ശാന്തമാവാതെ തമിഴക രാഷ്ട്രീയം

രാവിലെ സഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങള്‍ സ്പീക്കറുടെ മേശ തകര്‍ത്തു. മൈക്ക് വലിച്ചെറിഞ്ഞു. സീറ്റില്‍ കയറി കടലാസുകള്‍ കീറിയെറിഞ്ഞ ഡിഎംകെ അംഗം പൂങ്കോതൈ ആലാഡി അരുണ മുദ്രാവാക്യം വിളിച്ചു.

അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്നതിനിടെ ഡിഎംകെ അംഗം കെ.കെ. ശെല്‍വം സ്പീക്കറുടെ കസേരയില്‍ കയറി ഇരുന്നു. ബഹളം നിയന്ത്രണാതീതമായതോടെ ഒരു മണിവരെ സഭ നിര്‍ത്തിവെക്കുന്നതായി അറിയിച്ച് സ്പീക്കര്‍ സഭ വിടുകയായിരുന്നു.

സംഘര്‍ഷത്തിനിടെ ഒരു വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

രഹസ്യവോട്ടെടുപ്പ് വേണമെന്ന ഒ.പനീര്‍ശെല്‍വം പക്ഷത്തിന്റേയും ഡിഎംകെ,കോണ്‍ഗ്രസ് പാര്‍ട്ടികളുടേയും ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് ബഹളം തുടങ്ങിയത്. മുഖ്യമന്ത്രി പളനി സ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷമായിരുന്നു ബഹളം.

പനീര്‍ശെല്‍വത്തെ അനുകൂലിച്ച് ഡിഎംകെ അംഗങ്ങള്‍ നിയമസഭയില്‍ മുദ്രാവാക്യം മുഴക്കി. പനീര്‍ ശെല്‍വത്തിന് ആദ്യം പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടു.രഹസ്യബാലറ്റ് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം അനുകൂലികളും ബഹളമുണ്ടാക്കി.

എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ തടവിലാക്കിയിരിക്കുകയായിരുന്നുവെന്നും ജനങ്ങളുടെ ശബ്ദമാണ് ആദ്യം കേള്‍ക്കേണ്ടതെന്നും പിന്നീടാണ് സഭയില്‍ വോട്ടെടുപ്പ് നടത്തേണ്ടതെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ തള്ളി. ജനാധിപത്യം പുലരണമെങ്കില്‍ രഹസ്യവോട്ടെടുപ്പ് വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

രഹസ്യവോട്ടെടുപ്പ് വേണമെന്ന് പനീര്‍ശെല്‍വവും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കറുടെ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആകില്ലെന്നും എങ്ങനെ വോട്ടെടുപ്പ് നടത്തണമെന്ന് താന്‍ തീരുമാനിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

Read | വിശ്വാസ വോട്ടെടുപ്പ്: കണ്ണും കാതും സെന്റ് ജോര്‍ജ് കോട്ടയിലേക്ക്

പിന്നീട് എംഎല്‍എമാരെ ആറ് ബ്ലോക്കുകളായി തിരിച്ച്  തലയെണ്ണല്‍ വോട്ടെടുപ്പ് തുടങ്ങി. ഒരു ബ്ലോക്കില്‍ 38 എംഎല്‍എമാരാണുണ്ടായിരുന്നത്. മൂന്ന് ബ്ലോക്കുകള്‍ പളനിസ്വാമിക്ക് അനുകൂലമായി വോട്ടു ചെയ്തു. ഇതോടെയാണ് വോട്ടെണ്ണല്‍ തടസപ്പെട്ടത്.

നിയമസഭാ മന്ദിരത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാത്തതും ബഹളത്തിന് കാരണമായി. രഹസ്യവോട്ടെടുപ്പ് നടന്നാല്‍ കൂടുതല്‍ എം.എല്‍.എ.മാര്‍ സര്‍ക്കാരിനെ എതിര്‍ത്തു വോട്ടു ചെയ്യുമെന്നാണു ഒ.പി.എസ്. പക്ഷം കരുതുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ. പാണ്ഡ്യരാജന്‍, സി. പൊന്നയ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സെക്രട്ടറിയേറ്റില്‍ സ്പീക്കറുടെ ചേംബറില്‍ എത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു.  എന്നാല്‍, രഹസ്യ വോട്ടെടുപ്പ് നടക്കില്ലെന്നു നിയമവൃത്തങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

TN Assembly

നിയമസഭയില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനത്തോടൊപ്പം നില്‍ക്കണമെന്ന് അംഗങ്ങളോടു രേഖാമൂലം ആവശ്യപ്പെടുന്നതാണു വിപ്പ്. വിപ്പ് അനുസരിക്കാന്‍ നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ച് അംഗം ബാധ്യസ്ഥനാണ്. അല്ലെങ്കില്‍ അയോഗ്യനാകും. ചീഫ് വിപ്പോ, നിയമസഭാകക്ഷി നേതാവോ ആണു വിപ്പ് നല്‍കുന്നത്. രണ്ടു തരത്തിലുള്ള വിപ്പാണുള്ളത്. ഒന്ന് ജനറല്‍ വിപ്പും രണ്ട് ത്രീ ലൈന്‍ വിപ്പും. നിയമസഭയിലെ നടപടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നോ, ഇന്നയാള്‍ക്കു വോട്ടുചെയ്യണമെന്നോ കാട്ടി സാധാരണ രീതിയില്‍ നല്‍കുന്നതാണ് ജനറല്‍ വിപ്പ്. വിശ്വാസപ്രമേയമോ, അവിശ്വാസപ്രമേയമോ വരുന്ന സാഹചര്യത്തില്‍ നല്‍കുന്ന വിപ്പാണ് ത്രീ ലൈന്‍ വിപ്പ്. വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റ നിരോധന നിയമനുസരിച്ച് നടപടിയെടുക്കാം.

ഇപ്പോഴത്തെ സ്ഥിതിയില്‍ പനീര്‍സെല്‍വത്തിനും പളനിസ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന് വിപ്പ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ അനുകൂലിക്കാതെ നിന്നാലോ വോട്ടുചെയ്യാതെ മാറിനിന്നാലോ വോട്ട് മറിച്ചാലോ നടപടിയുണ്ടാകും. മൂന്നില്‍ രണ്ട് എം.എല്‍എ.മാരുടെ പിന്തുണയോടെ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ കൂറുമാറ്റനിരോധന നിയമത്തില്‍നിന്നു രക്ഷപ്പെടാം. എന്നാല്‍ നിലവിലെ സ്ഥിതിക്ക് അതിനു സാധ്യത കുറവാണ്. സര്‍ക്കാര്‍ ജയിച്ചാലും ഇല്ലെങ്കിലും തമിഴകത്തെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കില്ലെന്ന് ചുരുക്കം.