ഗായത്രി രഘുറാം | Photo: Facebook&Instagram
ചെന്നൈ: പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപിച്ച് നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാം ബി.ജെ.പി. വിട്ടു. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണങ്ങളുടെ പേരില്‍ കുറച്ചുനാളുകള്‍ക്കുമുമ്പ് പാര്ട്ടിചുമതലയില്നിന്ന് ഗായത്രിയെ ഒഴിവാക്കിയിരുന്നു. ട്വിറ്ററിലൂടെത്തന്നെയാണ് രാജിപ്രഖ്യാപനം നടത്തിയതും. ഒരുവിഭാഗം തനിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ ആക്രമണം നടത്തുമ്പോള്‍ നേതൃത്വം നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് അവര്‍ ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ കീഴില്‍ ബി.ജെ.പി.യില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഗായത്രി പറഞ്ഞു. വീഡിയോ, ഓഡിയോ തെളിവുകളുമായി അണ്ണാമലൈക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
അണ്ണാമലൈയെ നുണയനെന്നാണ് ഗായത്രി വിശേഷിപ്പിച്ചത്. ''തമിഴ്നാട് ബി.ജെ.പി.യില്‍ തുല്യതയും സ്ത്രീകള്‍ക്ക് ബഹുമാനവും ലഭിക്കാത്തതിനാലാണ് പാര്‍ട്ടി വിടുന്നത്. വളരെ മനോദുഃഖത്തോടെയാണ് തീരുമാനമെടുത്തത്. യഥാര്ഥപ്രവര്ത്തകരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനാണ് അണ്ണാമലൈ ശ്രമിക്കുന്നത്'' -ഗായത്രി ആരോപിച്ചു. നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നെന്നും അവര്‍ ആരോപിച്ചു. രാജി പ്രഖ്യാപിക്കുന്ന ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്. മോദിയും അമിത് ഷായും തന്റെ ഗുരുക്കന്മാരാണെന്നും ട്വീറ്റില്‍ പറയുന്നു.
ബി.ജെ.പി. ഐ.ടി. വിഭാഗത്തിന്റെ നേതൃത്വത്തില്‍ തനിക്കെതിരേ വ്യാജപ്രചാരണം നടത്തുന്നെന്ന് ട്വിറ്ററിലൂടെ ഗായത്രി ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് വനിതാവിഭാഗം നേതാവിനെ ഒ.ബി.സി.വിഭാഗം നേതാവ് അസഭ്യം പറഞ്ഞതിനെതിരേയും ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ഗായത്രിയെ വിദേശ, ഇതര സംസ്ഥാന തമിഴ് വിഭാഗത്തിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.
ഒരു മലയാള ചിത്രത്തിലും ചില തമിഴ്, തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഗായത്രി എട്ടുവര്‍ഷംമുമ്പാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
തുടര്‍ന്ന് പാര്‍ട്ടി കലാവിഭാഗത്തിന്റെ ചുമതല ലഭിച്ചു. കുറച്ചുകാലംമുമ്പ് ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും പിന്നീട് വിദേശ, ഇതര സംസ്ഥാന തമിഴ് വിഭാഗത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയുമായിരുന്നു.
Content Highlights: tamilnadu bjp leader gayathri raghuram quits party
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..