ചെന്നൈ: വിശ്വാസ വോട്ടിനിടെ ശനിയാഴ്ച തമിഴ്‌നാട് നിയമസഭയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ നിയമസഭാ സെക്രട്ടറി ജമാലുദീന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ 'വസ്തുനിഷ്ഠ റിപ്പോര്‍ട്ട്' നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

വിശ്വാസ വോട്ടിനിടെ സഭയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിനും എഐഎഡിഎംകെ വിമത നേതാവ് ഒ പനീര്‍ശെല്‍വവും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ശനിയാഴ്ച നാടകീയ സംഭവങ്ങളാണ് തമിഴ്‌നാട് നിയമസഭയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പഴനിസാമിയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് പ്രത്യേക സമ്മേളനം വിളിച്ചത്.

എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വോട്ടെടുപ്പ് രണ്ടുതവണ തടസ്സപ്പെട്ടു. സ്പീക്കറുടെ ചേംബറിലേക്ക് തള്ളിക്കയറി പ്രതിപക്ഷാംഗങ്ങള്‍ മേശ തകര്‍ക്കുകയും സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു.

ഉച്ചയ്ക്കും സഭ തടസ്സപ്പെട്ടതോടെ സ്പീക്കര്‍ ഡിഎംകെയും കോണ്‍ഗ്രസിന്റെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങളെ സഭയ്ക്ക് പുറത്താക്കുകയായിരുന്നു. സഭയ്ക്ക് പുറത്തുപോകാന്‍ വിസമ്മതിച്ച സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു.

നിയമസഭയിലെ പ്രതിഷേധത്തിനിടെ തന്നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സ്റ്റാലിന്‍ കീറിയ വസ്ത്രങ്ങളുമായി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്ന് മറീനാ ബീച്ചില്‍ സത്യാഗ്രഹമിരുന്ന സ്റ്റാലിനെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.

പ്രതിപക്ഷമില്ലാതെ പഴനിസാമി സഭയില്‍ വിശ്വാസവോട്ട് നേടുകയും ചെയ്തു. ഇതിനെതിരെ ഡിഎംകെ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.