
Courtesy: The Hindu
ചെന്നൈ: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശം മതിലുകെട്ടി മറച്ച് തമിഴ്നാട് വെല്ലൂര്‍ ഭരണകൂടം. ഞായറാഴ്ചയാണ് സംസ്ഥാന ഹൈവേയില്‍ കല്ലും സിമന്റും ഉപയോഗിച്ച് മതിലു പണിതത്. കൊറോണ വ്യാപനത്തിനിടയില്‍ അന്തര്‍ സംസ്ഥാന യാത്ര തടയാനാണിതെന്നാണ് ന്യായീകരണം.
ചിറ്റൂര്‍ ജില്ലാ അധികാരികളെ ആത്മവിശ്വാസത്തിലെടുക്കാതെയും അറിയിക്കാതെയും നിര്‍മ്മിച്ച മതിലുകള്‍, അന്തര്‍ സംസ്ഥാന ചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലാണ് മതിലുകള്‍ നിര്‍മ്മിച്ചത്.
മൂന്നടി വീതിയും അഞ്ചടി ഉയരവുമുള്ള മതിലുകള്‍ വെല്ലൂര്‍ ജില്ലയിലെ ഗുഡിയാട്ടം ഗ്രാമത്തിലാണ് നിര്‍മ്മിച്ചത്. ഇത് ചിറ്റൂര്‍ ജില്ലയുടെ പലമാനറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ഞായറാഴ്ചയാണ് ചിറ്റൂര്‍ കളക്ടര്‍ക്ക് മതിലിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
"തമിഴ്നാട്ടിലെ ഒരു പ്രധാന പട്ടണമായ വെല്ലൂര്‍, ചിറ്റൂരുമായാണ് അതിര്‍ത്തി പങ്കിടുന്നത്. തെലുങ്ക് സംസാരിക്കുന്ന പലരും വെല്ലൂരില്‍ താമസിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം അന്തര്‍ സംസ്ഥാന ഗതാഗതം അനുവദിക്കുന്നില്ല. കൂടാതെ, വെല്ലൂരിനും ചിറ്റൂറിനും ഇടയില്‍ ഒരു അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റ് ഉണ്ട്. ഈ സാഹചര്യത്തില്‍, രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഈ കോണ്‍ക്രീറ്റ് നിര്‍മ്മാണം വിചിത്രവും അസാധാരണവും അനാവശ്യവുമാണ്." ചിറ്റൂര്‍ ജോയിന്റ് കളക്ടര്‍ ഡി. മാര്‍ക്കണ്ഡേയലു പറഞ്ഞു.
ഇരുപ്രദേശങ്ങളിലേക്കും അവശ്യവസ്തുക്കളുമായി പോവുന്ന വാഹനങ്ങളുടെ ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മതില് കെട്ടുന്നത് അവശ്യ സര്‍വ്വീസുകളെ ബാധിക്കുമെന്നും മാര്‍ക്കണ്ഡേയലു പറഞ്ഞു. മാത്രവുമല്ല ആന്ധ്രയില്‍നിന്ന് ആയിരക്കണക്കിനാളുകളാണ് വെല്ലൂര്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തുന്നത്.
വെല്ലൂരില്‍ രണ്ട് പ്രദേശങ്ങളില്‍ മാത്രമാണ് മതിലു കെട്ടിയതെന്നും അവശ്യ സര്‍വ്വീസുകളെ ഈ മതില് ബാധിക്കില്ലെന്നുമാണ് വെല്ലൂര്‍ കളക്ടര്‍ പറയുന്നത്. തമിഴ്നാട്ടിലും ആന്ധ്രപദേശിലും 1500 ലധികം കോവിഡ് രോഗികളുണ്ട്. തമിഴ്നാട്ടില്‍ 24പേരും ആന്ധ്രയില്‍ 31 പേരുമാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.
content highlights: TamilNadu administration builds wall at Andhra bordera
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..