ചെന്നൈ: സെന്റ് ജോര്‍ജ് കോട്ടയിലേക്കാണ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധമുഴുവന്‍. ശശികലയുടെ വിശ്വസ്തന്‍ എടപ്പാടി പളനിസാമി വിശ്വാസവോട്ടെടുപ്പിനെ അതിജീവിക്കുമോ അതോ പനീര്‍ശെല്‍വം പക്ഷത്തേക്കു കൂടുതല്‍ പേര്‍ തിരിയുമോയെന്ന് കാത്തിരിക്കുകയാണ് ജനം. 110 പേര്‍ വോട്ടെടുപ്പിന് എതിര്‍ക്കുമെന്ന വ്യക്തമാണ്. ഏഴു എ.ഐ.എ.ഡി.എം.കെ. സാമാജികരെ കൂടി വലയിലാക്കാന്‍ പനീര്‍ശെല്‍വത്തിനു കഴിയുകയാണെങ്കില്‍ സര്‍ക്കാര്‍ നിലംപതിക്കും.

തമിഴ്‌നാട് നിയമസഭയില്‍ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഇല്ലാത്തതിനാല്‍ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലോ തലയെണ്ണിയോ റോള്‍ കോള്‍ രീതി അനുസരിച്ചോ ആയിരിക്കും വോട്ടിങ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് വിശ്വാസപ്രമേയം അവതരിപ്പിക്കുക. അംഗങ്ങളില്‍ രണ്ടുപേര്‍ പിന്താങ്ങും. തുടര്‍ന്നു ചര്‍ച്ച. സ്പീക്കര്‍ പി. ധനപാലന്‍ അനുമതി നല്‍കുന്നത് അനുസരിച്ച് അംഗങ്ങള്‍ക്കു ചര്‍ച്ചയില്‍ പങ്കെടുക്കാം. ചര്‍ച്ചകള്‍ കഴിഞ്ഞാലുടന്‍ സ്പീക്കര്‍ വിഷയം വോട്ടിനിടും.

ശബ്ദവോട്ടാണു വിജയിയെ കണ്ടെത്താനുള്ള മാനദണ്ഡമെങ്കില്‍ അതെയെന്നോ അല്ലെന്നോ അംഗങ്ങള്‍ക്കു പറയാം. അംഗങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ വീണ്ടും ഈ രീതി ആവര്‍ത്തിക്കും. ഇതിലും അതൃപ്തി ഉണ്ടെങ്കില്‍ തലയെണ്ണലിലേക്കു പോകും. അതല്ലെങ്കില്‍ ഓരോ നിരയിലും ഇരിക്കുന്ന അംഗങ്ങളെ പേരുവിളിച്ച് എഴുന്നേല്‍പ്പിച്ച് അഭിപ്രായം കേള്‍ക്കാം.

സ്പീക്കര്‍ ഓരോ ബ്ലോക്കിലും ഇരിക്കുന്ന അംഗങ്ങളുടെ പേരുവിളിക്കും. പ്രമേയത്തെ അനുകൂലിക്കുന്നവരോടും എതിര്‍ക്കുന്നവരോടും പ്രത്യേകം എഴുന്നേറ്റുനില്‍ക്കാന്‍ ആവശ്യപ്പെടും. ഇതിനുശേഷം ഓരോ വ്യക്തിയുടെയും വോട്ട് പേരിനുനേരെ രേഖപ്പെടുത്തും. പിന്നീട്, നിഷ്പക്ഷ വോട്ടുകള്‍ രേഖപ്പെടുത്തും. ഇരുഭാഗത്തും അംഗങ്ങള്‍ ഒരുപോലെ വോട്ടു ചെയ്താല്‍ സ്പീക്കര്‍ക്കു കാസ്റ്റിങ് വോട്ടുചെയ്യാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്പീക്കറുടെ തീരുമാനം അന്തിമമാണ്.

പനീര്‍പക്ഷത്തേക്ക് ഏഴു എം.എല്‍.എ.മാര്‍ തിരിഞ്ഞാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. അപ്പോള്‍ 19 എം.എല്‍.എ. മാര്‍ കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരും. വിപ്പ് ലംഘിച്ചെന്നു മനസ്സിലായാല്‍ നിയമസഭാ കക്ഷിനേതാവോ ചീഫ് വിപ്പോ സ്പീക്കറെ ഇക്കാര്യം രേഖാമൂലം അറിയിക്കും. സ്പീക്കര്‍ പരിശോധിച്ചതിനുശേഷം ആവശ്യമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 15 ദിവസത്തിനകം വിപ്പ് ലംഘിച്ചവര്‍ മറുപടി നല്‍കണം. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ ഇവരെ സ്പീക്കര്‍ അയോഗ്യരാക്കും.

കൂവത്തൂരിലെ റിസോര്‍ട്ടിലുണ്ടായിരുന്ന എഐഎഡിഎംകെ എംഎല്‍എമാര്‍ നിയമസഭയിലെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ അരുണ്‍ കുമാര്‍ ഒഴികെയുള്ള 122 എംഎല്‍എമാരാണ് നിയമസഭയിലെത്തിയത്. വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച അരുണ്‍കുമാര്‍ മണ്ഡലത്തിലേക്ക് പോയി. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനവും അരുണ്‍ കുമാര്‍ രാജിവെച്ചിട്ടുണ്ട്. കാങ്കയം എംഎല്‍എ തനിയരശും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡി.എം.കെ. നിലപാടു വ്യക്തമായതോടെ സര്‍ക്കാറിനെ എതിര്‍ക്കുന്ന എം.എല്‍.എ.മാരുടെ എണ്ണം 109 ആയി. 121 പേര്‍ ശശികലപക്ഷത്തുണ്ടെന്നാണു കരുതുന്നത്. 117 സാമാജികര്‍ അനുകൂലമായി വോട്ടുചെയ്താല്‍ വിശ്വാസപ്രമേയം പാസ്സാവും.

അതേസമയം, എട്ട് എം.എല്‍.എ.മാരെക്കൂടി പനീര്‍ശെല്‍വത്തിന് ഒപ്പംകൂട്ടാനായാല്‍ സര്‍ക്കാര്‍ നിലംപതിക്കും.