ചെന്നൈ: നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ യുവതിയോട് അശ്ലീലം പറഞ്ഞ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദന്‍ കുമാര്‍ എന്ന യൂട്യൂബറാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന മദന്‍ കുമാറിനെ ധര്‍മപുരിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയും ചാനലിന്റെ ഉടമയുമായ കൃതികയെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

രാജ്യത്ത് നിരോധിച്ച ഗെയിമാണെങ്കിലും പല വഴികളിലൂടെയും പബ്ജി ഇപ്പോഴും കളിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പബ്ജി ലൈവ് സ്ട്രീമിങ്ങിലൂടെ അശ്ലീലം പറഞ്ഞതാണ് കേസിനിടയാക്കിയത്. എട്ടു ലക്ഷത്തോളം വരിക്കാരാണ് ഇവരുടെ ചാനലിനുള്ളത്. ഇതില്‍ ഏറെയും കുട്ടികളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 

മദന്‍, ടോക്‌സിക് മദന്‍ 18+, പബ്ജി മദന്‍ ഗേള്‍ ഫാന്‍, റിച്ചി ഗേമിങ് വൈടി എന്നീ ചാനലുകളാണ് ദമ്പതിമാര്‍ നടത്തുന്നത്. ഇതിലെ അശ്ലീല പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ചാനല്‍ വരിക്കാറില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ ചാനല്‍ നിരോധിക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

അശ്ലീല പരാമര്‍ശത്തിന് പിന്നാലെ ചാനലിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. കേസിന് ആസ്പദമായ റെക്കോര്‍ഡ് ചെയ്ത ചാനലിലെ സംഭാഷണം കേട്ട് ഞെട്ടിയെന്ന് കഴിഞ്ഞ ദിവസം പ്രതിയുടെ മുന്‍ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ മദ്രാസ് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. 

മാസം ഏകദേശം മൂന്ന് ലക്ഷം രൂപയോളം മദന്‍ കുമാര്‍ യൂട്യൂബിലൂടെ സമ്പാദിക്കുന്നുണ്ടെന്നാണ് പോലീസിന് പറയുന്നു. മൂന്ന് ആഡംബര കാറുകള്‍ ഇയാള്‍ക്കുണ്ടെന്നും ഇതില്‍ രണ്ടെന്നും ഔഡിയുടെ വണ്ടികളാണെന്നും പോലീസ് പറഞ്ഞു. 

content highlights: Tamil Nadu YouTuber Couple Arrested For Obscenity On PUBG Live Stream