ചെന്നൈ: കാമുകിയെ ദുരഭിമാനക്കൊലയില്‍നിന്ന് രക്ഷിക്കാന്‍ യുവാവ് സ്വയം തീകൊളുത്തി മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. വിജയ്(25) ആണ് കാമുകി അപര്‍ണശ്രീയുടെ വീടിനു മുന്നില്‍ തീകൊളുത്തി മരിച്ചത്. ശിവഗംഗ ജില്ലയിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ പഠനത്തിനിടെയാണ് വിജയും അപര്‍ണശ്രീയും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. പഠനം പൂര്‍ത്തിയായതിനു പിന്നാലെ വിജയ് ജോലിസാധ്യതകള്‍ അന്വേഷിച്ച് ചെന്നൈയിലേക്ക് പോയി. 

വിജയുമായുള്ള ബന്ധം അപര്‍ണശ്രീയുടെ വീട്ടുകാര്‍ അറിഞ്ഞെന്നും അടുപ്പം തുടരാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തെന്നും സുഹൃത്തുക്കള്‍ വഴി വിജയ് അറിഞ്ഞു. തുടര്‍ന്ന് വിജയ് ബന്ധുക്കള്‍ക്കൊപ്പം അപര്‍ണശ്രീയുടെ വീട്ടിലെത്തി വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു. എന്നാല്‍ അപര്‍ണശ്രീയുടെ വീട്ടുകാര്‍ വിജയുടെ അഭ്യര്‍ഥന തള്ളി. തുടര്‍ന്ന് കാരൈക്കുടി വനിതാ പോലീസ് സ്‌റ്റേഷനില്‍ വിജയ്‌ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. 

ശനിയാഴ്ച വിജയ് വീണ്ടും അപര്‍ണശ്രീയുടെ വീട്ടില്‍ ചെന്നു. എന്നാല്‍ വീട്ടുകാര്‍ സമ്മതിക്കാന്‍ തയ്യാറായില്ല. മകള്‍ മരിച്ചാല്‍ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് അപര്‍ണശ്രീയുടെ മാതാപിതാക്കള്‍ പറഞ്ഞുവെന്നാണ് വിവരം. ഇതിനു പിന്നാലെ വിജയ് പെട്രോള്‍ വാങ്ങിവരികയും അപര്‍ണശ്രീയുടെ വീടിനു മുന്‍പില്‍നിന്ന് തീകൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും വിജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ശരീരമാസകലം പൊള്ളലേറ്റ വിജയ് വൈകാതെ മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

content highlights: tamil nadu youth self immolates to save lover from honour killing