ചെന്നൈ: ഈമാസം 16 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സാഹചര്യം പരിഗണിച്ച് സ്‌കൂളുകള്‍ തുറക്കുന്നതില്‍ പിന്നീട് തീരുമാനമെടുക്കും. അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും പി.എച്ച്.ഡി. ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമായി കോളേജുകളും സര്‍വകലാശാലകളും ഡിസംബര്‍ രണ്ടുമുതല്‍ തുറക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് മാത്രം കോളേജ് ഹോസ്റ്റല്‍ അനുവദിക്കും. മറ്റു വിദ്യാര്‍ഥികള്‍ക്കായി കോളേജുകള്‍ എപ്പോള്‍ തുറക്കുമെന്ന് പിന്നീട് അറിയിക്കും. കോളേജുകളും സര്‍വകലാശാലകളും തുറക്കുമ്പോള്‍ കോവിഡ് ജാഗ്രതാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി 16 മുതല്‍ ഒന്‍പത്, പത്ത്, പ്ലസ്വണ്‍, പ്ലസ്ടു ക്ലാസുകളും കോളേജുകളും തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. നേരിട്ട് ക്ലാസ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനവ്യാപകമായി തിങ്കളാഴ്ച സ്‌കൂളുകള്‍വഴി രക്ഷിതാക്കല്‍ നിന്ന് അഭിപ്രായശേഖരണവും നടത്തി. അതില്‍ ഭൂരിഭാഗം പേരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ എതിര്‍ത്തു. പിന്നാലെയാണ് തീരുമാനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോവിഡ് നിയന്ത്രണങ്ങളേത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ടി.വി. ചാനലുകള്‍ വഴിയും ഓണ്‍ലൈനായുമാണ് ക്ലാസുകള്‍ നടക്കുന്നത്.

Content Highlight: Tamil Nadu withdraws decision to reopen educational institutions