തമിഴ്‌നാട്ടിലെ ഒന്‍പത് ജില്ലകളില്‍ കഴിഞ്ഞ ദിവസം തദ്ദേശ തിരഞ്ഞെടുപ്പ് നടന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പല്ല, നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീടേ നടക്കുള്ളു. പുതുതായി രൂപീകരിച്ചതും വിഭജിച്ചതുമായ ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് നീണ്ടു പോകുകയായിരുന്നു. മറ്റിടങ്ങളില്‍ നേരത്തേ തന്നെ തിരഞ്ഞെടുപ്പ് നടന്നു. അന്ന് ഡിഎംകെ സഖ്യത്തിനായിരുന്നു മേല്‍ക്കൈ. ഇത്തവണ മേല്‍ക്കൈ എന്ന് പറഞ്ഞാല്‍ പോര. പോള്‍ ചെയ്ത വോട്ടിന്റെ ഏതാണ്ട് എഴുപത് ശതമാനത്തോളം സ്വന്തമാക്കി വന്‍ വിജയമാണ് ഡിഎംകെയും സഖ്യ കക്ഷികളും നേടിയത്.

140 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ 138 എണ്ണവും ഡിഎംകെ സഖ്യം വിജയിച്ചു. അണ്ണാ ഡിഎംകെയ്ക്ക് രണ്ടെണ്ണം മാത്രം. അണ്ണാ ഡിഎംകെയുടെ പ്രധാന സഖ്യകക്ഷി ബിജെപി ചിത്രത്തിലേയില്ല. 1381 പഞ്ചായത്ത് യൂണിയന്‍ സീറ്റുകളില്‍ ആയിരത്തിലധികവും ഡിഎംകെ സഖ്യം നേടി. ഡിഎംകെ 930, കോണ്‍ഗ്രസ് 32 എന്നിങ്ങനെ സീറ്റില്‍ വിജയിച്ചു. എംഡിഎംകെയും വിസികെയും 15 സീറ്റില്‍ വീതം വിജയിച്ചപ്പോള്‍ സിപിഎമ്മിന് നാലും സിപിഐയ്ക്ക് രണ്ട് സീറ്റും ലഭിച്ചു. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ഒറ്റ സീറ്റും ലഭിച്ചില്ല. മറുഭാഗത്ത് അണ്ണാഡിഎംകെ സഖ്യത്തിന് ഇരുന്നൂറ്റി അമ്പതിനടുത്ത് സീറ്റേ ലഭിച്ചുള്ളു. അണ്ണാ ഡിഎംകെ 200 സീറ്റും ബിജെപി എട്ടു സീറ്റും നേടി. സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ച പിഎംകെ 44 ഇടത്ത് വിജയിച്ചു.

Vijay

ജില്ലാ പഞ്ചായത്തിനും പഞ്ചായത്ത് യൂണിയനും താഴെ വരുന്ന ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കേരളത്തിലേത് പോലെ അത്രയധികം രാഷ്ട്രീയമില്ല തമിഴ്‌നാട്ടില്‍. കൂടുതലും സ്വതന്ത്രരാണ് മത്സരിക്കുക. പലയിടത്തും രാഷ്ട്രീയ മത്സരവും നടക്കും. അവിടെയും ഡിഎംകെ അനുഭാവികള്‍ മേല്‍ക്കൈ നേടിയെന്നാണ് വിവരം. പക്ഷേ, ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധാകേന്ദ്രമാകുന്നത് മറ്റൊരു കാരണം കൊണ്ടാണ്. നടന്‍ വിജയുടെ ആരാധക സംഘടനയായ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം നേടിയ വിജയം കൊണ്ട്. ഗ്രാമപഞ്ചായത്തുകളിലെ 169 സീറ്റുകളിലേക്ക് മത്സരിച്ച കൂട്ടായ്മ 115 സീറ്റുകളില്‍ വിജയിച്ചു. ഇതില്‍ 13 ഇടത്തെ വിജയം എതിരില്ലാതെയായിരുന്നു.

ഗ്രാമ പഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെ 27,003 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആ കണക്ക് നോക്കുമ്പോള്‍ 115 സീറ്റിലെ വിജയം വലിയ എണ്ണമല്ല. പക്ഷേ, മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 68 ശതമാനത്തേയും വിജയിപ്പിക്കാന്‍ കഴിഞ്ഞത് കൂട്ടായ്മയ്ക്ക് നേട്ടമാണ്. ഇതാദ്യമായി തന്റെ ചിത്രവും ആരാധക സംഘടനയുടെ കൊടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള അനുമതി വിജയ് നല്‍കി എന്നത് ചേര്‍ത്ത് വായിക്കേണ്ട കാര്യവുമാണ്.

സിനിമാ രംഗത്ത് ഉള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ സ്ഥാനം നല്‍കിയ ജനതയാണ് തമിഴ്‌നാട്ടിലേത്. കരുണാനിധിയുടെ വാക്കുകളില്‍ എംജിആര്‍ നിറഞ്ഞാടിയ കാലത്താണ് ഡിഎംകെ തമിഴരുടെ മനസ്സ് കവര്‍ന്നത്. സിനിമ ആ രാഷ്ട്രീയത്തെ വളര്‍ത്തി എന്നല്ല പറയുന്നത്. ആ രാഷ്ട്രീയത്തെ വളര്‍ത്താന്‍ സിനിമയും ഉപയോഗിക്കപ്പെട്ടു. ജയലളിതയും വിജയ്കാന്തുമെല്ലാം ആ വഴിയെ വന്ന് വിജയക്കൊടി നാട്ടി. പരാജയപ്പെട്ടവരും ഏറെയുണ്ട്. ശിവാജി ഗണേശനും ശരത് കുമാറും തുടങ്ങി നിരവധി പേര്‍. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം നമുക്ക് മുന്നിലുണ്ട്. പാതിവഴിയില്‍ ഇട്ടെറിഞ്ഞു പോയ രജനികാന്തിന്റെ അനുഭവവും ഓര്‍ക്കാം.

രജനിയില്‍ നിന്നും കമലില്‍ നിന്നും വ്യത്യസ്തനാണ് തമിഴ്‌നാട്ടുകാര്‍ക്ക് വിജയ്. വിജയ് സിനിമകളില്‍ സംസാരിക്കുന്ന രാഷ്ട്രീയം പല തവണ ഏറ്റെടുത്തിട്ടുണ്ട് ജനത. തൂത്തുക്കുടിയില്‍ വേദാന്ത കമ്പനിയുടെ മലിനീകരണത്തിനെതിരെ സമരം ചെയ്ത ജനങ്ങളില്‍ 13 പേരെ പോലീസ് വെടിവെച്ച് കൊന്നപ്പോള്‍ ഓടിയെത്തി ആ മനുഷ്യരെ ചേര്‍ത്ത് പിടിച്ച വിജയെ അവര്‍ കണ്ടിട്ടുണ്ട്. അതേ സംഭവത്തില്‍ രജനികാന്ത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. സമരക്കാരെ കുറ്റപ്പെടുത്തുന്നതായിരുന്നു രജനിയുടെ വാക്കുകള്‍. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് രജനികാന്ത് പറഞ്ഞത് തന്റേത് ആത്മീയ രാഷ്ട്രീയമാണ് എന്നായിരുന്നു. ആ രാഷ്ട്രീയത്തെ നന്നായി അറിയാവുന്ന തമിഴ് ജനത ചില സംശയങ്ങളോടെ രജനിയെ നോക്കുകയും ചെയ്തു. രജനി മറ്റാര്‍ക്കോ വേണ്ടി എന്തൊക്കെയോ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ഒരു ധാരണ ജനങ്ങളില്‍ പതിയെ വളര്‍ന്നു വരികയും ചെയ്തു. ആ ബോധ്യം അദ്ദേഹത്തിനും വന്നതുകൊണ്ട് കൂടിയാണ് രാഷ്ട്രീയത്തിലേക്കേയില്ല എന്ന് പറഞ്ഞു കൊണ്ട് നടത്തിയ പിന്‍മാറ്റം.

ഒരിക്കല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവതാരകന്‍ കമല്‍ഹാസനോട് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചോദിച്ചു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനും മാത്രം അഭിനയം എനിക്ക് വശമില്ല എന്നായിരുന്നു കമലിന്റെ മറുപടി. ആ മറുപടി കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ പാര്‍ട്ടി പ്രഖ്യാപിച്ചു, നേതാവായി. പക്ഷേ അണികള്‍ കാര്യമായി ഉണ്ടായില്ല. കമല്‍ പറയുന്നത് ഞങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് തമിഴ് ജനത വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. കമലിന്റെ വാക്കുകളില്‍ എന്തോ ഒരു ആത്മാര്‍ത്ഥതക്കുറവ്  തമിഴര്‍ അനുഭവിക്കുന്നുണ്ട് എന്ന് തോന്നുന്നു.

പക്ഷേ, ഇതിനപ്പുറത്തേയ്ക്കുള്ള ഒരു പരിഗണന വിജയ്ക്ക് ലഭിക്കുന്നുണ്ട്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് വിജയിയെ കസ്റ്റഡിയില്‍ എടുത്ത് ആദായ നികുതി വകുപ്പ് ഒരു റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയ്ക്ക് സമീപത്തെ വിജയുടെ വീട്ടില്‍ നടന്ന റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ഒന്നും സംഭവിച്ചില്ല. അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. ആ റെയ്ഡ് പോലും വിജയ്ക്ക് അനുകൂലമായി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഒരു സൈക്കിളുമെടുത്ത് വിജയ് പോളിങ്ങ് ബൂത്തിലേക്ക് പോയ കാഴ്ച ഓര്‍മയില്ലേ. ഡിഎംകെ സഖ്യത്തിന് അനുകൂലമായി ഇതിലും വലിയൊരു പ്രചാരണം വേറെ നടന്നിട്ടില്ല. ഇന്ധന വില വര്‍ദ്ധനവിനെതിരായ, കേന്ദ്ര സര്‍ക്കാരിനെതിരായ വിജയുടെ പ്രതിഷേധമായി ആ ദൃശ്യങ്ങള്‍ വ്യാപകമായി അവതരിപ്പിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്തു.

വിജയ്കാന്ത് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തുകയും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ആകുകയും ചെയ്തിരുന്നു. എന്നാല്‍ ആ മുന്നേറ്റം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഡിഎംഡികെ എന്ന വിജയ്കാന്തിന്റെ പാര്‍ട്ടി ദുര്‍ബലമാണിപ്പോള്‍. കരുണാനിധി, എംജിആര്‍, ജയലളിത ഈ മൂന്ന് പേരാണ് തമിഴ്‌നാട്ടിലെ സിനിമ-രാഷ്ട്രീയ ബന്ധത്തിന്റെ ആണിക്കല്ല്. ദ്രാവിഡപ്പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ല, ഇടത്തുമല്ല വലത്തുമല്ല സെന്‍ട്രിസ്റ്റാണ് എന്ന നിലപാട് കമല്‍ പറഞ്ഞു. ഞാന്‍ ആത്മീയ രാഷ്ട്രീയത്തിന്റെയാളാണ് എന്ന് രജനി പറഞ്ഞു. രണ്ടും ജനം ഏറ്റെടുത്തില്ല. നേരിട്ട് രാഷ്ട്രീയം പ്രസംഗിച്ചില്ലെങ്കിലും വിജയ് നടത്തിയ ഇടപെടലുകള്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആശയങ്ങളില്‍ നില്‍ക്കുന്നവയാണ്, അല്ലാതെ അതുമായി ഏറ്റുമുട്ടുന്നവയല്ല.

തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തോറ്റ് ഭാവി പോലും ചോദ്യചിഹ്നമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് അണ്ണാ ഡിഎംകെ. എങ്കിലും ആ പാര്‍ട്ടിയില്‍ വിശ്വാസമുള്ള ലക്ഷങ്ങള്‍ ഇപ്പോഴും തമിഴ്‌നാട്ടിലുണ്ട്. എന്നാല്‍, എംജിആറിന്റെ മരണ ശേഷം പാര്‍ട്ടി നേരിട്ട ഒരു നേതൃ പ്രശ്‌നം ജയലളിതയുടെ കാലശേഷവും നേരിടുന്നു. മികച്ച ഒരു പിന്‍ഗാമിയെ ജയലളിത വളര്‍ത്തിക്കൊണ്ടു വന്നില്ല എന്നതാണ് അതിലെ പ്രധാന പ്രശ്‌നം. പാര്‍ട്ടിയില്‍ ജയലളിതയുടെ ഏകാധിപത്യമായിരുന്നു. അവരുടെ തീരുമാനങ്ങള്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. അനുസരിച്ച് മാത്രം ശീലമുള്ള കുറേ നേതാക്കളെ ബാക്കിയാക്കി ജയലളിത പോയപ്പോള്‍ തോഴി കയറി ജനറല്‍ സെക്രട്ടറിയായത് അതുകൊണ്ടാണ്. ബിജെപി നടത്തിയ നീക്കത്തില്‍ തോഴി ശശികല ജയിലിലായതും പളനിസ്വാമിയും പനീര്‍സെല്‍വവും അധികാരത്തിനായി അടികൂടിയതും പിന്നീട് ഏച്ചു കെട്ടിയതും ഇപ്പോള്‍ ആ ഏച്ചു കെട്ടല്‍ മുഴച്ച് നില്‍ക്കുന്നതും നമ്മള് കാണുന്നു. പാര്‍ട്ടിയെ സംബന്ധിച്ച തീരുമാനം എടുക്കാന്‍ പോലും ആ രണ്ട് നേതാക്കള്‍ക്കും കെല്‍പ്പില്ല. ശശികല തക്കം പാര്‍ത്തിരിക്കുന്നു. മുതലെടുപ്പിന് ബിജെപിയും കാത്തിരിക്കുന്നു.

Vijay

അണ്ണാ ഡിഎംകെയിലെ ഈ പ്രതിസന്ധി മുതലെടുക്കാന്‍ വിജയ് ശ്രമിക്കുമോ എന്നത് ഒരു ചര്‍ച്ചാ വിഷയമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകര്‍ക്ക് അനുമതി നല്‍കുക വഴി തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് വിജയ് നിശബ്ദമായി പ്രവേശിച്ചുവെന്ന വിലയിരുത്തലുകളുണ്ട്. അങ്ങനെ ആയാലും അല്ലായെങ്കിലും അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയായി മാറാന്‍ ഏറെ കടമ്പകളുണ്ട്. സിനിമയില്‍ വിജയ്ക്ക് ഇപ്പോഴുള്ള സ്ഥാനമാണ് ഏറ്റവും പ്രധാനം. രജനിയുടേയും കമലിന്റേയും ചിത്രങ്ങളേക്കാള്‍ പണം വിജയുടെ സിനിമകള്‍ വാരുന്നു. പുതിയ സിനിമകളില്‍ സജീവവുമാണ് അദ്ദേഹം. എംജിആര്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ ഡിഎംകെ എംഎല്‍എയായിരുന്നു. അതേ സാഹചര്യത്തില്‍ തന്നെയാണ് പിന്നീട് പാര്‍ട്ടി രൂപീകരിക്കുന്നത്. ഡിഎംകെ എന്ന വലിയ പ്രസ്ഥാനത്തിലെ അനുഭവജ്ഞാനമുള്ള കുറേ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നത് വലിയ നേട്ടവുമായി. വിജയ്ക്ക് അതൊന്നുമില്ല. പത്ത് ലക്ഷത്തോളം പേര്‍ അംഗമായ ആരാധക സംഘടനയുണ്ട്. അവരില്‍ എല്ലാ പാര്‍ട്ടിയിലും പെട്ട ആളുകളുമുണ്ടാകും. ആരാധക സംഘടന രാഷ്ട്രീയപ്പാര്‍ട്ടിയായി മാറുമ്പോള്‍ എല്ലാ ആരാധകരും പാര്‍ട്ടിയായി മാറണമെന്നില്ല. ഈ വഴിയില്‍ ഒരുപാട് സഞ്ചരിച്ച് ഒടുവില്‍ പിന്‍മാറിയ രജനിയുടെ അനുഭവം വിജയ്ക്ക് മുന്നിലുണ്ടല്ലൊ.

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്കും വനിതകള്‍ക്കും തുല്യ പരിഗണന നല്‍കണം എന്ന് വിജയ് സൂചിപ്പിച്ചതായി ആരാധക സംഘടനയുടെ ജനറല്‍ സെക്രട്ടറി ആനന്ദ് പറഞ്ഞിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ 45 പേര്‍ വനിതകളാണ്. കര്‍ഷകരും യുവാക്കളുമെല്ലാം അക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുടെ തുടക്കമാണോ ഇതെന്ന ചോദ്യത്തിന് അത് നിങ്ങള്‍ ചിന്തിച്ചോളു എന്ന മറുപടിയാണ് ആനന്ദ് നല്‍കിയത്. അംഗീകരിക്കുകയും നിരാകരിക്കുകയും ചെയ്തില്ല.

വിജയ് രാഷ്ട്രീയ നേതാവാകണം എന്ന ആഗ്രഹം കാലങ്ങളായി മനസ്സില്‍ സൂക്ഷിക്കുകയും അത് പല തവണ തുറന്ന് പറയുകയും ചെയ്തയാളാണ് അദ്ദേഹത്തിന്റെ അച്ഛന്‍എസ്.എ ചന്ദ്രശേഖര്‍. പക്ഷേ, വിജയ് ഒരിക്കല്‍ പോലും അതിന് വഴങ്ങിയില്ല. പാര്‍ട്ടി രൂപീകരിക്കാനുള്ള അച്ഛന്റെ ശ്രമത്തെ വിജയ് കോടതിയില്‍ നേരിട്ടു. തന്റെ പേരും ചിത്രവും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് അച്ഛനേയും അമ്മയേയും തടയണമെന്ന് കാട്ടി കോടതിയെ സമീപിച്ചു. ആ നീക്കത്തോടെ അച്ഛന്‍ പിന്നാക്കം പോയി. എന്നാല്‍ ഈ കോടതി നടപടിയുടെ പിറ്റേന്നാളാണ് തന്റെ ചിത്രവും ആരാധക സംഘടനയുടെ കൊടിയും തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വിജയ് ആരാധകര്‍ക്ക് അനുമതി നല്‍കിയത്.

കമല്‍ഹാസനോ രജനികാന്തിനോ ഇല്ലാത്ത ഒരു സ്‌പേസ് വിജയ്ക്ക് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയിലുണ്ട്. അത് രാഷ്ട്രീയ നേട്ടത്തിനായി വിജയ് ഉടന്‍ ഉപയോഗിക്കില്ല എന്നാണ് തോന്നുന്നത്. എങ്കിലും തമിഴ്‌നാട്ടിലെ സിനിമ - രാഷ്ട്രീയ ചര്‍ച്ച രജനിയില്‍ നിന്ന് മാറി വിജയില്‍ എത്തി നില്‍ക്കുന്നു ഇപ്പോള്‍.

Content Highlights: Tamil Nadu rural elections, actor Vijay makes a silent entry into politics