.jpg?$p=4fa85a4&f=16x10&w=856&q=0.8)
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ | Photo: ANI
ചെന്നൈ: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്കുന്ന നിയമഭേദഗതി തമിഴ്നാട് സര്‍ക്കാര്‍ പാസാക്കി. തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസംതന്നെയാണ് ചാന്‍സലർ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന് സര്‍ക്കാര്‍ പാസാക്കിയത്. എന്നാല്‍ ഇതിനെ പ്രതിപക്ഷ പാര്‍ട്ടികളായ എഐഎഡിഎംകെയും ബിജെപിയും എതിര്‍ത്തു.
വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് അധികാരമില്ലാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിക്കുമെന്ന് നിയമ നിര്‍മാണത്തെ അനുകൂലിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എന്‍.കെ.സ്റ്റാലിന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഗവര്‍ണര്‍ ഇത് തന്റെ സവിശേഷ അധികാരമായി കരുതുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ സേര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്ന മൂന്ന് പേരുകളില്‍ നിന്ന് ഒരാളെ വൈസ് ചാന്‍സലറായി സര്‍ക്കാര്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്ന് സ്റ്റാലിന് ചൂണ്ടിക്കാട്ടി. ഇതേരീതി തന്നെയാണ് തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും പിന്തുടരുന്നതെന്നും സ്റ്റാലിന് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരും കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തില്‍ നിയമനിര്‍മാണം നടത്തിയിരുന്നു.
നേരത്തെ, സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഊട്ടി രാജ്ഭവനില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ചത്. നീറ്റ് നിയമഭേദഗതി ബില്‍ രാഷ്ട്രപതിയ്ക്ക് അയ്ക്കാതെ പിടിച്ചുവെച്ച നടപടിയെത്തുടര്‍ന്ന് ഗവര്‍ണറുമായി ഇടഞ്ഞുനില്‍ക്കുന്ന ഡി.എം.കെ. സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് സമ്മേളനം വിളിച്ചത്.
മയിലാടുതുറയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴി നീറ്റ് ബില്ലിന്റെ പേരില്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി പ്രകടനം നടന്നിരുന്നു. ഇത് വലിയ സുരക്ഷാ വീഴ്ചയായി പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതിഷേധപ്രകടനങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാസന്നാഹമാണ് സമ്മേളനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..