ചെന്നൈ: ചെരിപ്പ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളികളെക്കൊണ്ട് ചുമലിലെടുപ്പിച്ചതിന് തമിഴ്‌നാട് മന്ത്രി വിവാദത്തില്‍. ഫിഷറീസ്-മൃഗക്ഷേമ വകുപ്പ് മന്ത്രി അനിതാ രാധാകൃഷ്ണനെയാണ് ബോട്ടില്‍നിന്ന് കരയിലിറങ്ങുന്നതിന് മത്സ്യത്തൊഴിലാളികള്‍ ചുമലിലേറ്റിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

കടലേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പളവേര്‍ക്കാട് എന്ന കടലോര പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. കടലേറ്റം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്ത ശേഷം മന്ത്രി കടലില്‍ ബോട്ട് യാത്രയും നടത്തി. തിരിച്ച് തീരത്തെത്തിയപ്പോഴാണ് ബോട്ടില്‍നിന്ന് ഇറങ്ങാന്‍ മന്ത്രി ബുദ്ധിമുട്ട് പ്രകടിപ്പിച്ചത്.

ബോട്ടില്‍നിന്ന് ചവിട്ടി ഇറങ്ങുന്നതിന് മത്സ്യത്തൊഴിലാളികള്‍ കസേര ഇട്ട് നല്‍കിയെങ്കിലും വെള്ളത്തില്‍ കാല്‍ ചവിട്ടാന്‍ മന്ത്രി തയ്യാറായില്ല. കടല്‍ വെള്ളത്തില്‍ തന്റെ ഷൂ നനയുമെന്നതായിരുന്നു കാരണം. തുടര്‍ന്നാണ് അദ്ദേഹത്തെ മത്സ്യത്തൊഴിലാളികള്‍ ചുമന്ന് കരയിലെത്തിച്ചത്. 

സ്‌നേഹം കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ തന്നെ ചുമലിലെടുത്തതെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഒരു ഫിഷറീസ് മന്ത്രിക്ക് മത്സ്യത്തൊഴിലാളിയുടെ ചുമലിലല്ലാതെ വേറെ ആരുടെ ചുമലിലാണ് കയറാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: Tamil Nadu minister won't wet his shoes, fishermen carry him from boat to land