ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അന്‍പഴകനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അദ്ദേഹത്തെ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
"ബുധനാഴ്ചയാണ് മന്ത്രി ആശുപത്രിയില്‍ ചികിത്സ തേടിയത്. സി.ടി. സ്‌കാനില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ ടെസ്‌ററില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു." സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച കോവിഡ് പ്രതിരോധ പരിപാടികളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു എന്നത് ആശങ്ക കൂട്ടുന്നു. മറ്റ് വകുപ്പുകളിലെ മന്ത്രിമാരും ആരോഗ്യ സെക്രട്ടറിയടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചതു തമിഴ്‌നാട്ടിലാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡി.എം.കെ. എം.എല്‍.എ. ജെ. അന്‍പഴകനാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.
അതിനിടെ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
content highlights: Tamil Nadu higher education minister KP Anbazhagan tests positive for COVID-19