തമിഴ്നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ | Photo - Mathrubhumi archives
ചെന്നൈ: തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിലെ വിവിധ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതിനെത്തുടര്‍ന്ന് നിയമസഭയില്‍ ബഹളം. പെരിയാര്‍, ബി.ആര്. അംബേദ്കര്‍, കെ. കാമരാജ്, അണ്ണാദുരൈ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞത്. പ്രസംഗത്തിലെ 65-ാം ഖണ്ഡികയിലെ ദ്രാവിഡ മോഡല്‍ എന്ന പ്രയോഗവും ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചില്ല.
ഗവര്‍ണര്‍ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ സ്പീക്കര്‍ പരിഭാഷയില്‍ വായിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍ അദ്ദേഹത്തിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. പെരിയാറിന്റേയും അംബേദ്കറുടേയും കാമരാജിന്റേയും അണ്ണാദുരയുടേയും കരുണാനിധിയുടേയും സിദ്ധാന്തങ്ങളും ആശയങ്ങളും പിന്തുടരുന്ന സര്‍ക്കാര്‍ ദ്രാവിഡ മോഡല്‍ ഭരണമാണ് കാഴ്ചവെക്കുന്നത് എന്ന ഭാഗമാണ് ഒഴിവാക്കിയത്. ഈ ഖണ്ഡികയിലൊഴികെ എല്ലാഭാഗത്തും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് ഗവര്‍ണര്‍ വായിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗവും ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. സമാധാനത്തിന്റെ തുറമുഖമായി തമിഴ്നാട് മാറിയെന്നും വിദേശ നിക്ഷേപകരെ വലിയതോതില്‍ ആകര്‍ഷിക്കുന്നുവെന്നും എല്ലാമേഖലയിലും പുരോഗതി പ്രാപിക്കുന്നുവെന്നുമുള്ള ഭാഗമാണ് ഒഴിവാക്കിയത്.
എന്നാല്‍, പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രമേയം പാസാക്കി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്തിന്റേ പേര് തമിഴ്നാട് എന്നതിന് പകരം തമിഴകം എന്നാക്കണമെന്ന ആര്.എന്‍. രവിയുടെ പ്രസ്താവനയ്ക്കെതിരെ, അദ്ദേഹം പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തമിഴ്നാട് വാഴ്ക, ഞങ്ങളുടെ നാട് തമിഴ്നാട് തുടങ്ങിയ മുദ്രാവക്യങ്ങളുമായി എം.എല്‍.എമാര്‍ രംഗത്തെത്തി. ഡി.എം.കെയ്ക്ക് പുറമേ കോണ്‍ഗ്രസും സി.പി.ഐയും സി.പി.എമ്മും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, ബി.ജെ.പി. എം.എല്‍.എ. വനതി ശ്രീനിവാസന് ഗവര്‍ണറെ അനുകൂലിച്ച് രംഗത്തെത്തി.
Content Highlights: Tamil Nadu Governor Walks Out Amid Row With MK Stalin Over His Speech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..