ആർ.എൻ. രവി | Photo : PTI
ചെന്നൈ: തമിഴ്നാടിന് പുനര്‍നാമകരണം നടത്തണമെന്ന് ആവശ്യപ്പെട്ടെന്ന തരത്തില്‍ തന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ചത് സത്യവിരുദ്ധമായ നടപടിയാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി. തന്റെ പ്രസംഗത്തിന്റെ അടിസ്ഥാന ആശയം ഗ്രഹിക്കാതെ തമിഴ്നാട് എന്ന പദത്തിന് താന്‍ എതിരാണെന്ന് പ്രചരിപ്പതും അത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതും തികച്ചും നിര്‍ഭാഗ്യകരമാണെന്ന് രാജ്ഭവന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
"കാശി-തമിഴ് സംഗമത്തില്‍ വോളണ്ടിയര്‍മാരെ അനുമോദിക്കാന്‍ 2023 ജനുവരി നാലിന് രാജ്ഭവനില്‍വെച്ച് നടന്ന പരിപാടിയില്‍ ഇരുപ്രദേശങ്ങളിലേയും ചരിത്രപരവും സാസ്കാരികവുമായ ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ കൂടുതല്‍ അനുയോജ്യമായി തമിഴകം എന്ന പദം ഞാന്‍ ഉപയോഗിക്കുകയുണ്ടായി. എന്റെ പ്രസംഗത്തിന്റെ അടിസ്ഥാന ആശയം ഗ്രഹിക്കാതെ, ഗവര്‍ണര്‍ തമിഴ്നാട് എന്ന വാക്കിന് എതിരാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉണ്ടായി. ഇതിനൊരു അവസാനം ഉണ്ടാക്കുന്നതിനാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണം നല്‍കുന്നത്", പ്രസ്താവനയില്‍ ഗവർണർ ആര്.എന്‍. രവി വിശദീകരിക്കുന്നു.
വിഷയത്തില്‍ ഇടപെടണമെന്നും ഭരണഘടനക്കനുസൃതമായാണ് ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായാണ് താന്‍ നടത്തിയ പ്രസ്താവനയ്ക്ക് വിശദീകരണവുമായി ഗവര്‍ണര്‍ ഇപ്പോള്‍ രംഗത്തെത്തിയത്.
രാജ്ഭവനില്‍ നടത്തിയ പൊങ്കല്‍ ആഘോഷച്ചടങ്ങുകള്‍ക്കായി നല്കിയ ക്ഷണപത്രത്തില്‍ 'തമിഴ്നാട്' എന്നതിന് പകരം 'തമിഴകം' എന്ന് ചേര്‍ത്തതാണ് വിവാദത്തിന് ആക്കം കൂട്ടിയത്. വിവിധ രാഷ്ട്രീയകക്ഷികള്‍ വിഷയം ഏറ്റെടുത്തതും ഗവര്‍ണറും സ്റ്റാലിന് സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായതും ഗവര്‍ണറെ കൂടുതല്‍ സമ്മർദ്ദത്തിലാക്കിയിരുന്നു. ഭരണഘടന അംഗീകരിച്ച പേരിനുപരിയായി മറ്റൊരു പേരുപയോഗിച്ചതില്‍ ഗവര്‍ണറെ പ്രമുഖരുള്‍പ്പെടെ വിമര്‍ശിച്ചു.
Content Highlights: Tamil Nadu, Governor, R N Ravi, explanation, Tamizhagam Row
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..