ചെന്നൈ: എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ അവതരിപ്പിച്ച 'അന്നൈ തമിഴില്‍ അര്‍ച്ചനൈ'യുടെ ഭാഗമായി തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ മാതൃഭാഷയിലും ആരാധന നടത്തും. ക്ഷേത്രങ്ങളിലെ പുരോഹിതന്‍മാര്‍ക്ക് തമിഴില്‍ പൂജയും അര്‍ച്ചനയും നടത്തുന്നതിനായി പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു.

തമിഴില്‍ പൂജ നടത്താനാഗ്രഹിക്കുന്ന ആരാധകരുടെ സൗകര്യാര്‍ഥം പരിശീലനം നേടിയ പൂജാരിമാരുടെ പേരും മൊബൈല്‍ നമ്പറും ക്ഷേത്രങ്ങളുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കും. തമിഴിലെ അര്‍ച്ചനക്കൊപ്പം സംസ്‌കൃതഭാഷയിലെ പ്രാര്‍ഥനയും ക്ഷേത്രങ്ങളില്‍ തുടരും. പുരോഹിതന്റെ മന്ത്രോച്ചാരണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമ്പോള്‍ പ്രാര്‍ഥനയില്‍ കൂടുതല്‍ മുഴുകാനാവുമെന്നും അതിനാല്‍ സംസ്‌കൃതത്തിന് പകരം തമിഴ് പൂജ തിരഞ്ഞെടുക്കുമെന്ന് ചില ഭക്തർ പ്രതികരിച്ചു.

1974-ല്‍ ഉയര്‍ന്നുവന്ന തമിഴില്‍ പൂജ നടത്താനുള്ള ആശയം നേരത്തെ സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ തുടര്‍ന്ന് വരുന്നതായും മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ഔദ്യോഗികമായി നടപ്പാക്കുകയുമായിരുന്നുവെന്ന് ചെന്നൈയിലെ കപാലീശ്വര്‍ ക്ഷേത്രത്തില്‍ നടന്ന 'അന്നൈ തമിഴില്‍ അര്‍ച്ചനൈ'യുടെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പി. കെ ശേഖര്‍ ബാബു പറഞ്ഞു. എല്ലാ വിഭാഗക്കാരേയും തൃപ്തിപ്പെടുത്തുന്ന ആശയമായതിനാല്‍ മറ്റു പ്രശ്‌നങ്ങള്‍ക്കിട നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്തിലെ എല്ലാ ക്ഷേത്രങ്ങളിലും തമിഴിലും ആരാധന നടത്താനുള്ള സൗകര്യമൊരുക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഇതിനായി എല്ലാ പൂജാരിമാര്‍ക്കും പരിശീലനം നല്‍കും. ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ക്ക് മാതൃഭാഷയായ തമിഴിനേക്കാള്‍ പ്രധാന്യം നല്‍കുന്നതിന് നേരത്തെ തന്നെ ഡി.എം.കെക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഹിന്ദിക്കെതിരെയുള്ള പ്രതിഷേധമാണ് 1960-കളില്‍ ഡി.എം.കെയെ അധികാരത്തിലെത്തിച്ചത്. 

Content Highlights: Tamil Nadu Gives Option To Pray In Tamil At 47 Temples In State