ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്നു കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേന  വെടിയുതിര്‍ത്തു. ആക്രമണത്തിൽ നാഗപട്ടണം സ്വദേശി കലെയ്‌സെല്‍വന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ തലയ്ക്കു പരിക്കേറ്റു.

നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലായ് 28-ന് പുറപ്പെട്ട ബോട്ടില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിക്കുസമീപം കൊടിയകരായ് തീരത്ത് മീന്‍ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്. സ്പീഡ് ബോട്ടിലെത്തിയ ലങ്കന്‍ നാവികസേനയുടെ  ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെ 1.15-ന് ശ്രീലങ്കന്‍ നാവികസേന തങ്ങളുടെ ബോട്ടുവളഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നു പറഞ്ഞ ഉദ്യോഗസ്ഥര്‍ ഉടന്‍ അവിടെനിന്നു തിരിച്ചുപോകാന്‍ പറഞ്ഞതായും മത്സ്യത്തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു. 

മേഖലയിലുള്ള ഒട്ടേറെ ബോട്ടുകള്‍ക്കുനേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തു. ആദ്യം അവര്‍ ബോട്ടുകള്‍ക്കുനേരെ കല്ലെറിയുകയും പിന്നീട് വെടി വെക്കുകയുമായിരുന്നു. ബുള്ളറ്റുകളിലൊരെണ്ണം ബോട്ടില്‍ തുളച്ചുകയറുകയും കലെയ്‌സെല്‍വന്റെ തലയില്‍ തറയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ അബോധാവസ്ഥയിലായി-ബോട്ടിലുണ്ടായിരുന്ന ദീപന്‍രാജ് എന്ന മത്സ്യത്തൊഴിലാളിയെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു. 

അപകടം നടന്ന ഉടന്‍തന്നെ തങ്ങൾ ബോട്ടുമായി കരയിലേക്ക് തിരിച്ചുവെന്നും കലെയ്‌സെല്‍വനെ നാഗപട്ടണത്തെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ദീപന്‍രാജ് പറഞ്ഞു. 

ചികിത്സയില്‍ കഴിയുന്ന കലെയ്‌സെല്‍വനെ നാഗപട്ടണം ജില്ലാ കളക്ടര്‍ ഡോ. അരുണ്‍ തംബുരാജ് സന്ദര്‍ശിച്ചു. സംഭവത്തില്‍ തീര രക്ഷാ ഗ്രൂപ്പ് പോലീസ്, ക്യു ബ്രാഞ്ച്, മത്സ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.

Contenr Highlights: tamil nadu fisherman injured firing sri lankan navy personnel