ന്യഡല്‍ഹി: മുല്ലപെരിയാറില്‍ മരം മുറിക്കുന്ന കാര്യത്തില്‍ കേരളം ഇരട്ടതാപ്പ് കാണിക്കുകയാണെന്ന് തമിഴ്‌നാട്. മരം മുറിക്കാന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ അനുമതി ഒറ്റ ദിവസം കൊണ്ട് മരവിപ്പിച്ചു എന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവദിക്കണം എന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടുണ്ട്. 

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ നവംബര്‍ ആറിന് കേരളം ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. തൊട്ട് അടുത്ത ദിവസം ഈ ഉത്തരവ് മരവിപ്പിച്ചതിനെ സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ പകര്‍പ്പും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കാന്‍ കേരളം നടപടി സ്വീകരിക്കുന്നില്ല എന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവദിക്കുന്ന റൂള്‍ കര്‍വ് അംഗീകരിക്കണം എന്നും തമിഴ്‌നാട് ര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അണകെട്ട് സുരക്ഷിതമാണ്. കേരളം കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിക്കുന്നു. മുല്ലപെരിയാറില്‍ നിന്ന് ജലം ഒഴുക്കി വിടുന്നത് ഇടുക്കി അണകെട്ടിനെയും 50 ലക്ഷം ജനങ്ങളെയും ബാധിക്കുമെന്ന കേരളത്തിന്റെ വാദം വെറും ഭാവനവിലാസം ആണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചിട്ടുണ്ട്

Content Highlights: Tamil Nadu, Mullapperiyar, affidavit