ഉദ്യോഗസ്ഥനെ ശകാരിക്കുന്ന എംപി . photo: dnvdmksenthilkumar/screen grab
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് ഹിന്ദു മതാചാരപ്രകാരം നടത്താനിരുന്ന ഭൂമി പൂജ തടഞ്ഞ് ഡിഎംകെ എംപി എസ് സെന്തില്‍ കുമാര്‍. റോഡ് പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിന്റെ ആചാരപ്രകാരം ചടങ്ങ് നടത്താന്‍ ശ്രമിച്ചതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരേയും എംപി ശകാരിച്ചു. ഇതിന്റെ വീഡിയോ സെന്തില്‍ കുമാര്‍ തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ശനിയാഴ്ച ധര്‍മപുരിയിലെ ആലപുരത്താണ് സംഭവം. തടാകക്കരയില്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുള്ള ചടങ്ങിനെത്തിയതായിരുന്നു എംപി. ഹിന്ദു മതാചാര പ്രകാരം ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ കണ്ടതോടെ ഇത് തടഞ്ഞ എംപി ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാര്‍ത്ഥനയും പൂജയും ഉള്‍പ്പെടുത്തി ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്ന് എംപി പറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലീം പുരോഹിതര്‍ എവിടെയെന്നും മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രാര്‍ഥന നടത്തുന്നതിന് എതിരല്ലെന്നും എന്നാല്‍ എല്ലാ മതങ്ങളില്‍ നിന്നുള്ളവരും വേണമെന്ന് സെന്തില്‍ കുമാര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഭൂമിപൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഒഴിവാക്കിയതിന് പിന്നാലെ പദ്ധതിയുടെ ഉദ്ഘാടനം എംപി നിര്‍വഹിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..