ചെന്നൈ: സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്നു ചോദിച്ച് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഹൊസൂര്‍, ധര്‍മപുരി, ടൈറ്റന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന രവിരാജന്‍ - ഉദയകുമാരി ദമ്പതിമാരുടെ മകളായ പ്രജ്ഞയെയാണ് മുഖ്യമന്ത്രി വിളിച്ചത്.

ആറാം ക്ലാസുകാരിയായ പ്രജ്ഞ തന്റെ സ്‌കൂളും ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചിരുന്നു.  വീട്ടിലെ ഫോണ്‍ നമ്പറും കത്തില്‍ സൂചിപ്പിച്ചിരുന്നു. കത്ത് ലഭിച്ചതോടെയാണ് വെള്ളിയാഴ്ച തന്റെ തിരക്കുകള്‍ക്കിടയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പെണ്‍കുട്ടിയെ വിളിച്ചത്. നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നും കുട്ടിക്ക് സ്‌കൂളില്‍പ്പോകാമെന്നും മുഖ്യമന്ത്രി ഉറപ്പുകൊടുത്തു. പേടിക്കേണ്ടതില്ലെന്നും അധ്യാപകര്‍ നല്‍കുന്ന കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

മുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്ന് ആദ്യം മനസ്സിലാകാതിരുന്ന വിദ്യാര്‍ഥിനി പിന്നീട് കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടു. തന്റെ സ്‌കൂള്‍ എന്നാണ് തുറക്കുന്നതെന്ന് അറിയണമായിരുന്നുവെന്നും അതിനാലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും പ്രജ്‌ന പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

കോവിഡ് നിയന്ത്രണങ്ങളേത്തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍ തമിഴ്‌നാട്ടില്‍ തുറന്നിരുന്നു. കഴിഞ്ഞ മാസമാണ് 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ തമിഴ്‌നാട്ടില്‍ പുനരാരംഭിച്ചത്. എന്നാല്‍ താഴ്ന്ന ക്ലാസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

Content Highlights: Tamil Nadu CM M K Stalin calls up class VI student to say schools will re-open on November 1