അളകാനല്ലൂര്‍/മധുര: വാടിവാസലില്‍നിന്ന് മൂക്കുകയര്‍ മുറിച്ച് കുതിച്ച് ചാടുന്ന കാള, കാളയെ മെരുക്കാനുള്ള മെയ്വഴക്കവും മനക്കരുത്തുമായി ജല്ലിക്കെട്ട് വീരന്‍മാര്‍. മധുരയിലെ അളകാനല്ലൂര്‍ എന്ന കാര്‍ഷിക ഗ്രാമത്തില്‍ ആവേശം കളം നിറയുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന് സംഘാടകര്‍ മൈക്കിലൂടെ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ജല്ലിക്കെട്ട് കളത്തിന് ഇരുവശത്തും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. ആദ്യ റൗണ്ടില്‍ മാത്രം കാളയെ മെരുക്കി വിജയിയാകാനെത്തിയ, മൂന്ന് ജല്ലിക്കെട്ട് വീരന്‍മാര്‍ക്ക് പരിക്കേറ്റു. ഒരാളെ കാള കുത്തിപ്പരിക്കേല്‍പ്പിച്ചതാണ്.

Jallikattu

ഏറ്റവും മികച്ച കാളയുടെ ഉടമയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഒരു കാറ് സമ്മാനമായി നല്‍കും. കൂടുതല്‍ കാളകളെ കീഴടക്കുന്ന ജല്ലിക്കെട്ട് വീരന് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം കാറ് തന്നെയാണ് സമ്മാനിക്കുക. ഓരോ റൗണ്ടിലും വിജയികളാകുന്നവര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലുള്ളവര്‍ സ്വര്‍ണനാണയം സമ്മാനമായി നല്‍കുന്നുണ്ട്. ബൈക്ക്, ഫ്രിഡ്ജ്, ഫോണ്‍, പണം, സൈക്കിള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ വേറെയും സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Jallikattu

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ ചേര്‍ന്നാണ് അളകാനല്ലൂര്‍ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഏറെ നേരം ജല്ലിക്കെട്ട് ആസ്വദിക്കാനിരുന്ന ശേഷമാണ് ഇരുവരും മടങ്ങിയത്. കാര്‍ഷിക ഉത്സവമായ ജല്ലിക്കെട്ടിനെ കര്‍ഷകരുടെ ഹൃദയം കീഴടക്കാനുള്ള ഇടമായിക്കണ്ടാണ് അണ്ണാ ഡി.എം.കെയുടെ ഇടപെടല്‍. ജല്ലിക്കെട്ട് നിരോധനത്തിനെതിരെ പൊരുതിയത് പനീര്‍സെല്‍വവും പളനി സ്വാമിയുമാണ് എന്ന് ഇരുവരേയും സാക്ഷിയാക്കി സംഘാടകര്‍ അനൗണ്‍സ് ചെയ്യുന്നുണ്ടായിരുന്നു.

jallikattu

പകര്‍ച്ചവ്യാധിയില്‍നിന്ന് രക്ഷിക്കാന്‍ മുനിയാണ്ടി സ്വാമിക്ക് ഗ്രാമീണര്‍ നേര്‍ന്നതാണ് വര്‍ഷാവര്‍ഷം നടക്കുന്ന ജല്ലിക്കെട്ടെന്ന് അളകാനല്ലൂരുകാരുടെ ഒരു വിശ്വാസം. ഈ മിത്തിനെ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ ചടങ്ങുകളും നടത്തിയാണ് അളകാനല്ലൂരില്‍ ജല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്.

Content Highlights: Tamil Nadu CM flags off 'Alanganallur Jallikattu'