ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. 

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറിയതിന് ശേഷമുള്ള നേതാക്കളുടെ ആദ്യ കൂടിക്കാഴ്ചയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും നയങ്ങളും കോണ്‍ഗ്രസ് നേതൃത്വവമായി സ്റ്റാലിന്‍ ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനേയും ഭാര്യ ദുര്‍ഗാവതി സ്റ്റാലിനേയും ഇന്ന് കാണാന്‍ സാധിച്ചതില്‍ തനിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും സന്തോഷമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

തമിഴ് ജനതയ്ക്കായി ശക്തവും സമ്പന്നവുമായി ഒരു സംസ്ഥാനം കെട്ടിപ്പടുക്കുന്നതിന് തങ്ങള്‍ ഡിഎംകെയുമായി തുടര്‍ന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി സന്ദര്‍ശനത്തിലുള്ള സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.