അമൃത്സര്‍: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അമൃത്സറിനു സമീപം അത്താരിയില്‍ സ്ഥാപിച്ചു. പാകിസ്താനിലെ ലാഹോറില്‍നിന്നുവരെ കാണാവുന്നത്ര ഉയരത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.

120 അടി നീളവും 80 അടി വീതിയുമുള്ള ത്രിവര്‍ണ പതാക 360 അടി ഉയരമുള്ള കൊടിമരത്തിനു മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാറിയാണ് ഇത്. പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തിലെ അനാര്‍ക്കലി ബസാറില്‍നിന്നാല്‍ ഈ ഇന്ത്യന്‍ ദേശീയ പതാക കാണാനാകും.

ഇത്രയും ഉയരത്തില്‍ ശക്തമായ കാറ്റിനെ പ്രതിരോധിക്കും വിധത്തിലാണ് പതാക നിര്‍മിച്ചിരിക്കുന്നതുന്നത്. പാരച്യൂട്ട് നിര്‍മിക്കുന്ന വസ്തു ഉപയോഗിച്ചാണ് 100 കിലോഗ്രാമോളം ഭാരമുള്ള ഈ പതാക നിര്‍മിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ കുത്തബ്മിനാറിനേക്കാള്‍ ഉയരമുള്ള കൊടിമരത്തിന് 55 ടണ്‍ ഭാരമുണ്ട്.

indian flag

രാത്രിയിലും വളരെ ദൂരെനിന്നു പോലും പതാക കാണുന്നതിന് കൊടിമരത്തില്‍ എല്‍ഇഡി ഫ്‌ളഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നാല് കോടി രൂപയാണ് പതാക സ്ഥാപിക്കുന്നതിന് ചിലവായത്. അമൃത്സര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് ആണ് ഇത് വഹിച്ചത്. എന്നാല്‍ പതാകയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും നിര്‍വ്വഹിക്കുക അതിര്‍ത്തി രക്ഷാ സേനയാണ്.

എന്നാല്‍, അതിര്‍ത്തിയില്‍ പതാക സ്ഥാപിച്ചതിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തി കടന്ന് പാകിസ്താനില്‍ നിരീക്ഷണം നടത്തുന്നതിന് ഉയരമേറിയ ഈ കൊടിമരം ഇന്ത്യ ഉപയോഗിക്കുമെന്നാണ് പാകിസ്താന്‍ ഭയക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ മണ്ണിലാണ് പതാക സ്ഥാപിച്ചിരിക്കുന്നതെന്നും ഒരു വിധത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരല്ല ഇതെന്നും ഇന്ത്യ വാദിക്കുന്നു.