ഗോരഖ്പൂര്‍: ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഗോരഖ്പൂരിലെ റിയാന്‍വ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു ദാരുണമായ സംഭവം. 

ഗീത എന്ന യുവതിയാണ് കിടപ്പുമുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. തായ്‌ലന്‍ഡില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് ജയ്‌സിങ് യാദവുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച് കിടപ്പുമുറിയിലേക്ക് എത്തിയ ഗീത കട്ടിലില്‍ കിടന്ന പാമ്പുകളുടെ മുകളിലാണ് ഇരുന്നത്.

തൊട്ടുപിന്നാലെ ഗീതയ്ക്ക് പാമ്പുകളുടെ കടിയേല്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കം ബോധരഹിതയായ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ കയറിക്കൂടിയ പാമ്പുകള്‍ ബെഡ്ഷീറ്റിന്റെ നിറം കാരണം ഗീതയുടെ ശ്രദ്ധയില്‍പ്പെട്ടുകാണില്ലെന്നാണ് ബന്ധുക്കളുടെ നിഗമനം. 

ഗീതയ്ക്ക് കടിയേറ്റ ശേഷവും പാമ്പുകള്‍ കിടക്കയില്‍ തന്നെ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍നിന്ന് തിരികെ എത്തിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പാമ്പുകളെ അടിച്ചുകൊല്ലുകയും ചെയ്തു. 

Content Highlights: Talking On Phone with Husband, Woman Sits On Snakes, Gets Bitten And Dies