ഞായറാഴ്ച കാബൂളിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ അഫ്ഗാൻ വനിത | Photo: ANI
ന്യൂഡല്‍ഹി: 'അവര്‍ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. എനിക്ക് പേടിയാവുന്നു...' കലാകലുഷിതമായ അഫ്ഗാനില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയ അഫ്ഗാനി വനിത പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതികരിച്ചത്.
ഞായറാഴ്ച രാത്രി കാബൂളില്‍നിന്ന് ഇന്ത്യയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 129 യാത്രക്കാരിലൊരാളാണ് ഈ സ്ത്രീ. കാബൂളിലെ സ്ഥിതിഗതികളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അവര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. തന്റെ രാജ്യത്തെ ലോകം ഒറ്റപ്പെടുത്തിയെന്നത് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. "അവര്‍ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. ഞങ്ങളേയും കൊല്ലും. ഞങ്ങളുടെ സ്ത്രീകള്‍ക്ക് ഇനി ഒരു അവകാശവും ആ രാജ്യത്ത് ഉണ്ടാവില്ല." യാത്രക്കാരി കൂട്ടിച്ചേര്‍ത്തു.
കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതിനു പിന്നാലെയാണ് അഫ്ഗാനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചെത്തിയത്. രാജ്യത്തിന്റെ നിയന്ത്രണം ഇപ്പോള്‍ പൂര്‍ണമായും താലിബാനാണ്.
കാബൂളില്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും കണ്ടില്ലെന്നാണ് സോണിനി സര്‍ക്കാര്‍ എന്ന മറ്റൊരു യാത്രക്കാരി പറഞ്ഞത്. അഫ്ഗാന്‍ എന്‍.ജി.ഒയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സോണിനി ജോലിയുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്.
'ഡല്‍ഹിയിലേക്ക് വന്നത് ഒരു ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കാണ്. എനിക്ക് എന്റെ രാജ്യത്തെ ഉപേക്ഷിച്ച് പോവണമെന്നില്ല. ഞാന്‍ അഫ്ഗാനിലേക്ക് ഉടന്‍ മടങ്ങും' എന്നായിരുന്നു എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനും അഫ്ഗാനിലെ പകിത പ്രവിശ്യയിലെ എം.പിയുമായ സയ്ദി ഹസ്സന്‍ പകിത്‌വാള്‍ പ്രതികരിച്ചത്.
"അഫ്ഗാനിലോ കാബൂളിലോ ഇപ്പോള്‍ സംഘര്‍ഷങ്ങളൊന്നും ഇല്ല. അധികാര കൈമാറ്റം സമാധാനപരമായിരുന്നു. സര്‍ക്കാരും താലിബാനും തമ്മില്‍ സമാധാന കരാര്‍ നിലനില്‍ക്കുന്നുണ്ട്." പാകിസ്താനാണ് താലിബാന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നതെന്ന് മറ്റൊരു എം.പി അബ്ദുള്‍ ഖാദിര്‍ സാസി പറഞ്ഞു.
അഫ്ഗാനില്‍നിന്ന് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അടങ്ങുന്ന ഇരുന്നൂറോളം പേര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് ആയിരുന്ന അഷ്‌റഫ് ഗനിയുടെ ഉപദേശകസംഘത്തിലൊരാളായിരുന്ന റിസ്‌വാനുള്ള അഹമ്മദാസി പ്രതികരിച്ചത്. രാജ്യം ഇപ്പോള്‍ സമാധാനത്തിലാണ്. ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ താലിബാനാണ് ഇപ്പോള്‍ അധികാരത്തിലേറുന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
129 പേരുമായാണ് കൊണ്ട് വിമാനം ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അവസാന വിമാനമായിരുന്നു ഇത്.
Content Highlights: Taliban will kill us, women won't have rights: Woman upon arrival in Delhi from Kabul
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..