ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഹിന്ദുക്കളുടെയും സിഖുകാരുടെയും സുരക്ഷ താലിബാന്‍ ഉറപ്പുനല്‍കിയതായി ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും അകാലിദള്‍ നേതാവുമായ മഞ്ചീന്ദര്‍ സിങ് സിര്‍സ. വിവരങ്ങളറിയാന്‍ കാബൂള്‍ ഗുരുദ്വാര പ്രസിഡന്റുമായി നിരന്തം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

കാബൂളിലെ കര്‍തെ പാര്‍വണ്‍ സാഹിബ് ഗുരുദ്വാരയിലെത്തിയ താലിബാന്‍ നേതാക്കള്‍ അവിടെയുള്ള ഹിന്ദു, സിഖ് വിഭാഗങ്ങളുമായി സംസാരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് മഞ്ചീന്ദര്‍ സിങിന്റെ ട്വീറ്റ്. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്റെ രാഷ്ട്രീയകാര്യ വക്താവായ എം നയീമും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദേശ മാധ്യമമായ അല്‍ജസീറയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള വീഡിയോ ആണിതെന്നാണ് സൂചന. 

അഫ്ഗാനിലെ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും ഭയമോ ഉത്കണ്ഠയോ വേണ്ടെന്നും തങ്ങളുടെ സുരക്ഷ താലിബാന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന കാബൂള്‍ ഗുരുദ്വാരയുടെ തലവന്റെ പ്രസ്താവനയും വീഡിയോയിലുണ്ട്. ഗുരുദ്വാരയില്‍ അഭയംപ്രാപിച്ചവരോട് താലിബാന്‍ നേതാക്കളില്‍ ചിലര്‍ സംസാരിക്കുന്ന ദൃശ്യങ്ങളും 76 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ളതാണ് വീഡിയോയിലുണ്ട്. 

സിഖുകാരുടെയും ഇന്ത്യക്കാരുടെയും ജീവന്‍ സുരക്ഷിതമാണെന്ന് കാബൂളിലെ ഗുരുദ്വാര അധികൃതര്‍ തന്നെ പറയുന്നു. നേരത്തെ ജനങ്ങള്‍ക്ക് അവരുടെ ജീവനിലും സ്വത്തിലുമെല്ലാം ആശങ്കയും ഭയവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും താലിബാന്‍ വക്താവായ നയീം ട്വീറ്റ് ചെയ്തു. 

അഫ്ഗാനില്‍ കുടുങ്ങിയ സിഖുകാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനൊപ്പം അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്ന സിഖ്, ഹിന്ദു വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു.

content highlights: Taliban Came To Gurdwara, Assured Sikhs, Hindus Of Safety: Akali Leader