ജയ്പുര്‍: പശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കിയ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് മണിക്കൂറുകളോളം വൈകിയെന്ന് കണ്ടെത്തല്‍. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഡിടിവി ആണ് പുറത്തുവിട്ടിരിക്കുന്നത്.

വെള്ളിയാഴ്ച്ചയാണ് രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി അക്ബര്‍ ഖാന്‍ എന്ന 28കാരന്‍ മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അക്ബറിനെ സംഭവസ്ഥലത്ത് നിന്ന് പോലീസ് കൂട്ടിക്കൊണ്ടുപോയത് രാത്രി ഒരുമണിയോടെയാണ്. എന്നാല്‍, ആശുപത്രിയിലെത്തിയതാകട്ടെ പുലര്‍ച്ചെ 4 മണിയോടെയാണ്. അപ്പോഴേക്ക് അക്ബര്‍ മരിച്ചിരുന്നു. ഈ മൂന്നുമണിക്കൂര്‍ നേരവും അക്ബര്‍ പോലീസ് കസ്റ്റഡിയിലായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവസ്ഥലത്ത് നിന്ന് അക്ബറുമായി പോയ പോലീസ് യാത്രക്കിടെ അയാളെ കുളിപ്പിച്ചെന്നും പശുക്കളെ വേറെ വാഹനങ്ങളിലാക്കി സ്ഥലത്ത് നിന്ന് മാറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു. യാത്രക്കിടെ പോലീസുകാര്‍ ചായ കുടിക്കാന്‍ വാഹനം നിര്‍ത്തിയതിന് വരെ തെളിവുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അക്ബറിനെ രക്ഷിക്കാനാകുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞതായാണ് സൂചന. 

കേസില്‍ മൂന്ന് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

content highlights: Taking Alwar Mob Victim To Hospital, Cops Stopped For Tea Says News Report, Mob Lynching. Alwar Lynching