ന്യൂഡല്‍ഹി: വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകുന്നത് തടയാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയ വ്യോമയാന മന്ത്രാലയം. 

ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ അവരുടെ അവസരം നഷ്ടപ്പെടും. പിന്നീട് ക്യൂവിലുള്ള എല്ലാം വിമാനങ്ങളും ടേക്ക് ഓഫ് ചെയ്ത ശേഷം മാത്രമേ സമയംക്രമം തെറ്റിച്ച വിമാനത്തിന് പറക്കാന്‍ സാധിക്കൂ. 

വിമാനങ്ങളുടെ ടേക്ക് ഓഫ് താമസിക്കുന്നതിനെ തുടര്‍ന്ന് റണ്‍വേയില്‍ ഉണ്ടാകുന്ന തിരക്ക് പരിഹരിക്കുന്നതിനാണ് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

വിമാനങ്ങള്‍ക്ക് ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ടേക്ക് ഓഫ് ചെയ്യന്നുണ്ടെന്നും അല്ലെങ്കില്‍ അവരെ റണ്‍വേയില്‍ നിന്നും മാറ്റാനുമുള്ള ഉത്തരവാദിത്വം എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ ജീവനക്കാര്‍ക്കാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

പുറപ്പെടുന്നതിന് മുമ്പുള്ള ക്യാബിന്‍ പരിശോധനകളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. തുടര്‍ന്ന് നിര്‍ദേശം ലഭിച്ച ഉടന്‍ ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം സജ്ജമായിരിക്കണം. 

തുടര്‍ച്ചയായി ടേക്ക് ഓഫ് സമയം തെറ്റിക്കുന്നവര്‍ക്ക് പ്രധാനപ്പെട്ട സമയങ്ങളിലെ മുന്‍ഗണന നഷ്ടപ്പെടുമെന്ന് മുന്നറിയിച്ചു നിര്‍ദേശത്തില്‍ നല്‍കിയിട്ടുണ്ട്. 

20 മിനിറ്റിനുള്ളില്‍ ഒരേ പാര്‍ക്കിംഗ് ബേയിലുള്ള രണ്ട് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാന്‍ പാടില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.