അരവിന്ദ് കെജ്രിവാൾ| Photo: ANI
ന്യൂഡൽഹി: ഡല്‍ഹിയിലുടനീളം ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിലവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് ബാധിതരായ രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഡല്‍ഹിയിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പെടാപ്പാടുപ്പെടുകയാണ്. നിരവധിപ്പേർ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യവുമുണ്ടായി ഈ സന്ദർഭത്തിലാണ് കെജ്‌രിവാള്‍ വികാരാധീനനായി പ്രധാനമന്ത്രിയോട് സംസാരിച്ചത്.
"ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓക്‌സിജന്‍ ക്ഷാമമുണ്ട്. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്ലെങ്കില്‍ ഇവിടുള്ളവര്‍ക്ക് ഓക്‌സിജന്‍ ലഭിക്കില്ലേ", പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.
"ഓക്സിജന്റെ അഭാവം മൂലം ഡല്‍ഹിയിലെ ആശുപത്രിയിലെ ഒരു രോഗി മരിക്കാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിര്‍ദ്ദേശിക്കുക? ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അല്ലാത്തപക്ഷം വലിയ ദുരന്തമാണ് ഡല്‍ഹിയില്‍ ഉണ്ടാവാന്‍ പോകുന്നത്", അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിക്ക് അനുവദിച്ച ഓക്‌സിജന്‍ ക്വാട്ട 378 മെട്രിക് ടണ്ണില്‍ നിന്ന് 480 മെട്രിക് ടണ്ണായി കേന്ദ്രം അടുത്തിടെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ 380 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് നഗരത്തിന് ലഭിച്ചതെന്ന് കെജ്രിവാള്‍ വെള്ളിയാഴ്ച പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ ഡല്‍ഹിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടഞ്ഞതായും കെജ്‌രിവാള്‍ ആരോപിച്ചു. ട്രക്കുകള്‍ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സംസാരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.
"ഓക്‌സിജന്‍ കിട്ടാന്‍ ഞങ്ങളെ സഹായിക്കണം. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. രാത്രി ഉറങ്ങാനാവുന്നില്ല. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ദയവായി ക്ഷമിക്കുക,'' അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.
ഒഡീഷയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഡല്‍ഹിയിലേക്ക് വരാനിരിക്കുന്ന ഓക്‌സിജന്‍ ടാങ്കറുകൾ വിമാനത്തില്‍ കയറ്റിയോ ഓക്‌സിജന്‍ എക്‌സ്പ്രസ് വഴിയോ എത്തിക്കണമെന്നും കെജ് രിവാള്‍ ആവശ്യപ്പെട്ടു.
ഓക്‌സിജന്‍ പ്ലാന്റുകള്‍ സൈന്യം ഏറ്റെടുക്കണമെന്നും കെജ് രിവാള്‍ ഉപദേശിച്ചു. "എല്ലാ ഓക്‌സിജന്‍ പ്ലാന്റുകളും സൈന്യം വഴി കേന്ദ്രം ഏറ്റെടുക്കണം, ഓരോ ട്രക്കിനുമൊപ്പം സൈനികരുമുണ്ടാകണം.", അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ സംസ്ഥാനത്തിനും കേന്ദ്ര സര്‍ക്കാരിനും ഒരേ വില നിശ്ചയിക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 600 രൂപവിലയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്. അതേ സമയം കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് വാക്‌സിന്‍ ലഭിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..