Amit Shah | Photo: Sabu Scaria
ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്): കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയില്‍ ഉണ്ടായ വികസനം കാണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണ ഊരിമാറ്റി, കണ്ണുതുറന്ന് നോക്കണമെന്ന് അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ നാംസായില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ എട്ടു വര്‍ഷമായി മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്നാണ്. കണ്ണുകള്‍ അടച്ചുപിടിച്ചുകൊണ്ട് നോക്കിയാല്‍ ഒരാള്‍ക്ക് വികസനം കാണാന്‍ കഴിയുമോ? കണ്ണടച്ചുപിടിച്ച് വികസനം കാണാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാരെന്നും അമിത് ഷാ ആരോപിച്ചു.
" രാഹുല്‍ ബാബ, ദയവായി നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ, അപ്പോള്‍ നിങ്ങള്‍ക്കു കാണാം എട്ടുവര്‍ഷത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന്. ഈ എട്ടുവര്‍ഷംകൊണ്ട് ടൂറിസവും ക്രമസമാധാന പാലനവും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി സാധിക്കാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സാധിച്ചു", അമിത് ഷാ പറഞ്ഞു.
യു.കെ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി, അവിടെ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സംതൃപ്തവും സമാധാനപൂര്‍ണവുമായ ഒരു സാഹചര്യമല്ല ഇന്ത്യയില്‍ നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണം രാജ്യത്തിന്റെ ഭരണഘടനയെ തകിടംമറിച്ചിരിക്കുന്നു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണെന്നും 'ഐഡിയാസ് ഫോര്‍ ഇന്ത്യ' കോണ്‍ക്ലേവില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..