ന്യൂഡല്‍ഹി: താജ്മഹലിന്റെ നിറം മാറുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. താജ് മഹലിന്റെ നിറം മുമ്പ് മഞ്ഞയായിരുന്നു. എന്നാല്‍, അത് തവിട്ട് നിറത്തിലേക്കും പിന്നീട് പച്ചയായും മാറിയതായി സുപ്രീം കോടതി നിരീക്ഷിച്ചു.

അന്തരീക്ഷ മലിനീകരണമാണ് നീറമാറ്റത്തിന് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും വിദഗ്ധരെ എത്തിച്ച് യഥാര്‍ഥ കാരണം കണ്ടെത്തണം. ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ അഭിമാനമായ താജ് മഹല്‍ സംരക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ യോഗ്യരായവര്‍ രാജ്യത്തുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കില്‍ തന്നെ അവരെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസുമാരായ എം.ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.

പരാതിക്കാരനായ എം.സി. മേത്ത നല്‍കിയ ഫോട്ടോയിലെ നിറംമാറ്റം ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.എന്‍.എസ്. നന്ദകര്‍ണിയാണ് കോടതിയില്‍ ഹാജരായത്.