-
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐ.ബി. ഉദ്യോഗസ്ഥന്‍ അജിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലം അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ഷാ ആലമിന്റെ പേരും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അറസ്റ്റ്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ അജിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ താഹിര്‍ ഹുസൈനെ വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന ശര്‍മയുടെ പിതാവ് രവീന്ദര്‍ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ താഹിര്‍ ഹുസൈനെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നിലവിലെ അന്വേഷണത്തില്‍ കലാപത്തിനിടെ ചാന്ദ് ബാഗില്‍ കുടുങ്ങിയ ചില സ്ത്രീകളെ രക്ഷിക്കുന്നതിനിടെയാണ് ശര്‍മ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ശര്‍മ കൊല്ലപ്പെടുമ്പോള്‍ ചാന്ദ് ബാഗ്, മുസ്തഫാബാദ് പരിസരങ്ങളില്‍ താഹിര്‍ ഹുസൈന്‍ ഉണ്ടായിരുന്നതായാണ് സാക്ഷികള്‍ നല്‍കുന്ന വിവരം.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട താഹിര്‍ ഹുസൈന്‍ വ്യാഴാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ പങ്കില്ലെന്നും സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് താഹിര്‍ ഹുസൈന്‍ കോടതിയില്‍ പറഞ്ഞത്. ചാന്ദ് ബാഗ്, മുസ്തഫാബാദ്, സാക്കിര്‍ നഗര്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പോലീസ് പറയുന്നത്.
ഫെബ്രുവരി 23 മുതല്‍ 25 വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 731 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 1,983 പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. 400 ഓളം പേര്‍ക്ക് പരിക്കേറ്റു.
Content Highlights: Tahir Hussain's brother Shah Alam arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..