ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ മുന്‍ എഎപി നേതാവ് താഹിര്‍ ഹുസൈനെ ഡല്‍ഹിയിലെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ചീഫ് മജിസ്‌ട്രേറ്റ് പവന്‍ സിങ് രജാവത്തിനോട് പോലീസ് ആവശ്യപ്പെട്ടു.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ അഴുക്കുചാലില്‍ നിന്നാണ് ഐ.ബി.ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെടുത്തത്. അങ്കിതിന്റെ മരണത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈന ആം ആദ്മി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് താഹിര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയിരുന്നു. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹുജക്ക് മുമ്പാകെയാണ് താഹിര്‍ ഹുസൈന്‍ കീഴടങ്ങാന്‍ എത്തിയത്. എന്നാല്‍ ഇത് തന്റെ അധികാര പരിധിയിലുള്ളതല്ലെന്ന് വ്യക്തമാക്കിയ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കീഴടങ്ങള്‍ അപേക്ഷ തള്ളി. തുടര്‍ന്ന് താഹിര്‍ ഹുസൈനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. 

Content Highlights: Tahir Hussain arrested in Delhi court in connection with Ankit Sharma's death