ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ പിടിമുറുക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ മോദി പരാജയമായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു.

"ഇന്ത്യക്ക് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. എന്നാല്‍ വിഭവങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു", ഓണ്‍ലൈനായി നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.

എല്ലാ തരത്തിലുള്ള ആശയവിനിമയവും ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്. അവയോടൊന്നും സര്‍ക്കാര്‍ അര്‍ത്ഥവത്തായ രീതിയിലല്ല പ്രതികരിച്ചത്. സ്വയം ഉത്തരം കണ്ടെത്തുമെന്ന പോലെയാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയും എഴുതിയ കത്തുകളെ പരാമര്‍ശിച്ച് പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞു, 

"ഇത് സര്‍ക്കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല, പകരം കൊറോണയും നമ്മളും തമ്മിലുള്ള യുദ്ധമാണ്. ഈ പ്രതിസന്ധിയെ നേരിടാന്‍ ശാന്തവും കഴിവുറ്റതും ദീര്‍ഘവീക്ഷണവുമുള്ള ഒരു നേതൃത്വമാണ് ആവശ്യം. ജനങ്ങളോട് സഹാനുഭൂതിയില്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വം മൂലം രാജ്യം മുടന്തുകയാണ്. മോദി സര്‍ക്കാരിന്റെ നിസ്സംഗതയുടെയും കഴിവില്ലായ്മയുടെയും ഭാരം മൂലം നാം മുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ സേവനത്തിലൂടെ സ്വയം സമര്‍പ്പിക്കേണ്ട സമയമാണ്,'' സോണിയ ഗാന്ധി പറഞ്ഞു.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിൻ നല്‍കുന്നതിന് ബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയിട്ടും മോദി സര്‍ക്കാര്‍ മൂന്നാം ഘട്ടത്തില്‍ വാക്‌സിനുകള്‍ വാങ്ങുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ വിവേചനപരമായ വാക്‌സിനേഷന്‍ നയം ദശലക്ഷക്കണക്കിന് ദളിതര്‍, ആദിവാസികള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ദരിദ്രര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെ വാക്‌സിനേഷനില്‍ നിന്ന് മാറ്റിനിര്‍ത്തും. മോദി സര്‍ക്കാര്‍ അവരുടെ ധാര്‍മ്മിക ബാധ്യതയും ജനങ്ങളോടുള്ള പ്രതിജ്ഞയും നിറവേറ്റാത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും സോണിയ ഗാന്ധി  പറഞ്ഞു.

content highlights: system has not failed, but modi faled, says Sonia Gandhi