Supreme Court | Photo - PTI
ന്യൂഡല്‍ഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തുടര്‍ നടപടികളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പള്ളി ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷി കേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സഭാ ഭൂമിടപാടില് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഉത്തരവിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിച്ചത്. പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തീര്‍പ്പാക്കി വിധി പറഞ്ഞ കേസിലാണ് ഇപ്പോള്‍ ഹൈക്കോടതി തുടര്‍ ഉത്തരവുകള്‍ പുറപ്പടിവിക്കുന്നതെന്ന് സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് സി.യു സിംഗ്, അഭിഭാഷകന് റോമി ചാക്കോ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി പുറപ്പടിവിച്ച തുടര്‍ ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നും ഇരുവരും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ചു. അതെ സമയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു വിഷയത്തില്‍ ഹൈക്കോടതി പുറപ്പടിവിക്കുന്ന തുടര്‍ ഉത്തരവുകള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇനി ഈ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് അടുത്ത വര്‍ഷം മെയ് മാസത്തിലാണെന്നും, അതിനുമുമ്പ് സുപ്രീം കോടതി ഈ ഹര്‍ജികളില്‍ തീരുമാനം എടുക്കുമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായിയി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കറും, എതിര് കക്ഷികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജും. അഭിഭാഷകരായ രാകേന്ദ് ബസന്തും, പി എസ് സുധീറും ഹാജരായി.
Content Highlights: Syro malabar church case supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..