ഹൈദരാബാദ്: ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിട്ടും അർഹമായ തൊഴിൽ ലഭിക്കാതിരുന്ന രജനിയ്ക്ക് ഒടുവിൽ ആശ്വാസം. ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ തൂപ്പു ജോലിയിൽ നിന്ന് രജിനി അസിസ്റ്റന്റ് എന്റമോളജിസ്റ്റിലേക്ക്. രജനിയുടെ ദുരവസ്ഥ കണ്ട് തെലങ്കാന മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെടി രാമ റാവു ആണ് ജോലി വാഗ്ദാനം ചെയ്തത്.

എം.എസ്.സി ഓർഗാനിക് കെമിസ്ട്രിയിലായിരുന്നു രജിനി ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന് കോൺട്രാക്ട് അടിസ്ഥാനത്തിൽ ജിഎച്ച്എംസിയിൽ രജിനി തൂപ്പു തൊഴിൽ ചെയ്ത് വരികയായിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നതോടെയാണ് മന്ത്രി രജിനിയുടെ യോഗ്യത അനുസരിച്ചുള്ള ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.

വാറങ്കൽ ജില്ലയിൽ കർഷക കുടുംബത്തിലാണ് രജിനിയുടെ ജനനം. സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും ഒന്നാം ക്ലാസ്സോടെയാണ് രജിനി എം എസ് സി പാസാകുന്നത്. തുടർന്ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിയ്ക്ക് യോഗ്യത നേടുകയും ചെയ്തു. എന്നാൽ ഇതിനിടെ രജനിയുടെ വിവാഹം നടക്കുകയും അവർ ഭർത്താവിന്റെ വീട്ടിലേക്ക് താമസം മാറുകയുമായിരുന്നു. 

രണ്ട് കുട്ടികളുടെ അമ്മയായ രജനി ഒരു ജോലി എന്ന സ്വപ്നം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഭർത്താവ് രോഗിയായതോടെ പച്ചക്കറി വിൽപ്പനയിലേക്ക് തിരിഞ്ഞെങ്കിലും മതിയായ വരുമാനം ലഭിക്കാത്തതിനെ തുടർന്ന് പിന്നീട് ജിഎച്ച്എംസിയിൽ കരാർ അടിസ്ഥാനത്തിൽ തൂപ്പു തൊഴിലിന് ചേരുകയായിരുന്നു. 

നഗരവികസന സ്പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാറാണ് രജനിയ്ക്ക് ജോലി നൽകിയ കാര്യം ട്വിറ്ററലൂടെ വ്യക്തമാക്കിയത്. രണ്ട് കുട്ടികളുള്ള രജിനിയ്ക്ക് മന്ത്രി എല്ലാവിധ പിന്തുണ ഉറപ്പു നൽകി. 

Content Highlights: Sweeper To Vegetable Vendor To Asst Entomologist — Rajani's Story