മുംബൈ: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് അവിടെ ശൗചാലയം നിര്‍മിക്കുമെന്ന് ഹിന്ദുമഹാസഭാ നേതാവ്. അഖിലേന്ത്യ ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഭെണ്ടി ബസാറിലെ ഡെല്‍ഹി സെയ്ക എന്നപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ റോണക് അഫ്രോസ് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ദാവൂദിന്റേതായി അഞ്ച് വസ്തുവകകളും കൂട്ടത്തില്‍ കണ്ടുകെട്ടിയിരുന്നു. ഇവയെല്ലാം ലേലം ചെയ്യാനാണ് തീരുമാനം. 2015ല്‍ ലേലത്തില്‍ വെച്ചിരുന്നെങ്കിലും ഭീതികാരണം ലേലത്തിലെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. 

ഈ അവസ്ഥ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സ്വാമി ചക്രമപാണി പറയുന്നു. ദാവൂദിനെ ഇന്ത്യന്‍ സര്‍ക്കാരുകളാണ് ഭീകരനായി ചിത്രീകരിച്ച് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതെന്ന് ചക്രപാണി പറയുന്നു. അതുകൊണ്ടാണ് ആരും ദാവൂദിന്റെ ആസ്തികള്‍ ലേലംകൊള്ളാന്‍ എത്താത്തതെന്നും അദ്ദേഹം പറഞ്ഞു. ദാവൂദിനെപ്പോലെയുള്ള ഭീരുക്കളെ പേടിക്കേണ്ടതില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം ദാവൂദിന്റെ ആസ്തികള്‍ ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് താന്‍ ലേലത്തുകയുടെ 10 ശതമാനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തനിക്ക് ദാവൂദിനോട് വ്യക്തിപരമായി യാതൊരു വിരോധമില്ലെന്നും എന്നാല്‍ ദാവൂദിനോടുള്ള ഭീതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ദാവൂദുമായി ബന്ധപ്പെട്ട ആസ്തികള്‍ ലേലംകൊള്ളുന്നതെന്നും അവ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായി രീതിയില്‍ ഉപയോഗിക്കുമെന്നും ചക്രപാണി പറയുന്നു.

നേരത്തെയും ദാവൂദിന്റെ വസ്തുവകകള്‍ ലേലത്തില്‍ എടുത്തിട്ടുണ്ട് ചക്രപാണി. നേരത്തെ 2015 ല്‍ ദാവൂദിന്റെ കാര്‍ ഇദ്ദേഹം ലേലത്തില്‍  പിടിച്ചിരുന്നു. തുടര്‍ന്ന് ഇത് ഗാസിയാബാദില്‍ ജനമധ്യത്തില്‍ വെച്ച് കത്തിച്ചുകളഞ്ഞിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന് ദാവൂദ് അനുയായികളില്‍ നിന്ന് വധഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. വധഭീഷണിയെ തുടര്‍ന്ന് ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. ചൊവ്വാഴ്ച ദാവൂദിന്റെ ആസിതികള്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ ഓണ്‍ലൈനായി ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Swami Chakrapani, Dawood Ibrahim, Hotel Rounaq Afroz, auctioning of properties