ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ എംഎല്‍എയും ആര്യസമാജ പണ്ഡിതനുമായിരുന്ന സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ന്യൂഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വൈകീട്ട് ആറോടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ഡോക്ടര്‍മാര്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
വിവിധ മതങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ നടക്കണമെന്ന പക്ഷക്കാരനായിരുന്നു. ആര്യസമാജത്തിന്റെ ആശയങ്ങള്‍ അടിസ്ഥാനമാക്കി 1970 ല്‍ ആര്യസഭ എന്ന പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ പോരാട്ടം നടത്തി. മുമ്പ് ഹരിയാണയില്‍നിന്നുള്ള എംഎല്‍എ ആയിരുന്നു.
സ്വാമി അഗ്നിവേശിന്റെ വേര്‍പാടില്‍ നോബൈല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും വേണ്ടി സ്വാമി അഗ്നിവേശ് നടത്തിയ പോരാട്ടം പ്രശാന്ത് ഭൂഷണ്‍ അനുസ്മരിച്ചു. തനിക്ക് അറിയാവുന്നവരില്‍വച്ച് ഏറ്റവും ധീരനായിരുന്നു. പൊതുജന നമ്മയ്ക്കുവേണ്ടി എത്രവലിയ വെല്ലുവിളിയും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. രണ്ടു വര്‍ഷംമുമ്പ് ജാര്‍ഖണ്ഡില്‍വച്ച് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരതയ്ക്ക് ഇരയായാണ് അദ്ദേഹത്തിന്റെ കരള്‍ തകരാറിലായതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
ഗോത്രവര്‍ഗ വിഭാഗക്കാരുടെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ 2018 ജൂലായിലാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചത്. ഏതാനും മാസങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍വച്ച് അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോകവെ ആയിരുന്നു അത്.
Content Highlights: Swami Agnivesh dies