ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന അംഗീകാരം വീണ്ടും ഇന്‍ഡോറിന് സ്വന്തം. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്‍ഡോര്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ (Swachh Survekshan Awards) പുരസ്‌കാരം സ്വന്തമാക്കുന്നത്. മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ നഗരമാണ് ഇന്‍ഡോര്‍ എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയില്‍ ഛത്തീസ്ഗഢിനാണ്‌ ഒന്നാം സ്ഥാനം.

വൃത്തിയേറിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനം സൂറത്തും (ഗുജറാത്ത്) മൂന്നാം സ്ഥാനം വിജയവാഡയും (ആന്ധ്രാപ്രദേശ്) കരസ്ഥമാക്കി. ഏറ്റവും ശുചിത്വമേറിയ ഗംഗാനഗരം (Cleanest Ganga Town) വാരാണസിയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമാണിത്. ബിഹാറിലെ മൂംഗെര്‍, പട്‌ന എന്നിവയ്ക്കാണ് ഈ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇന്‍ഡോറും സൂറത്തും മുന്‍കാല പദവി നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ കൊല്ലം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നവി മുംബൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി വിജയവാഡ നേട്ടം കരസ്ഥമാക്കി. 

കേന്ദ്ര നഗര വികസന മന്ത്രാലയം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ശനിയാഴ്ച നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 28 ദിവസത്തിനുള്ളില്‍ 4,320 നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. 4.2 കോടിയിലേറെ പേര്‍ സര്‍വേയില്‍ പങ്കെടുത്തതായി മന്ത്രാലയം വ്യക്തമാക്കി.

നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 100 ല്‍ താഴെ നഗരസഭകളുള്ള സംസഥാനങ്ങളില്‍ ജാര്‍ഖണ്ഡ്, ഹരിയാണ, ഗോവ എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള ഏറ്റവും വൃത്തിയേറിയ നഗരങ്ങളില്‍ ഇന്‍ഡോര്‍, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപുര്‍, തിരുപ്പതി, പുണെ, നോയിഡ, ഉജ്ജയിന്‍ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയത്. ഇതേ വിഭാഗത്തില്‍ ആദ്യ 25 നഗരങ്ങളില്‍ ഏറ്റവും ഒടുവിലാണ് ലഖ്‌നൗവിന്റെ സ്ഥാനം. 

ഒരു ലക്ഷത്തില്‍ത്താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മഹാരാഷ്ട്രയിലെ വിട്ട ആദ്യസ്ഥാനത്തെത്തി. ലോണാവാല, സാസ് വഡ് എന്നിവ അടുത്ത രണ്ട് സ്ഥാനങ്ങള്‍ നേടി. 1-3 ലക്ഷം ജനസംഖ്യയുള്ള ചെറിയ നഗരങ്ങളില്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആദ്യസ്ഥാനത്തെത്തി. ഹോഷന്‍ഗവാദ് അതിവേഗം പുരോഗമിക്കുന്ന ചെറുനഗരത്തിനുള്ള പുരസ്‌കാരം നേടി. ത്രിപുടിയാണ് ചെറുനഗരങ്ങളില്‍ ഏറ്റവും മികച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെട്ടത്‌.

3-10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ള ഇടത്തരം നഗരമായി നോയ്ഡ തിരഞ്ഞെടുക്കപ്പെട്ടു. സഫായിമിത്ര സുരക്ഷ ചലഞ്ച് എന്ന പുതിയ വിഭാഗത്തിലെ ആദ്യ പുരസ്‌കാരം നവി മുംബൈയ്ക്കാണ്. 10-40 ലക്ഷം ജനസംഖ്യയുള്ള ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി നവി മുംബൈ. കന്റോണ്‍മെന്റ് ബോര്‍ഡ്‌സ് പട്ടികയില്‍ അഹമ്മദാബാദ് ഒന്നാം സ്ഥാനവും മീററ്റ് രണ്ടാം സ്ഥാനവും ഡല്‍ഹി മൂന്നാം സ്ഥാനവും നേടി. ജില്ലാ റാങ്കിങ്ങില്‍ സൂറത്തിനാണ് ആദ്യസ്ഥാനം. ഇന്‍ഡോര്‍, ന്യൂഡല്‍ഹി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

Content Highlights:  Swachh Survekshan 2021 Chhattisgarh retains title of cleanest state, Cleanest Ganga Town is Varanasi