കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചിമ ബംഗാളിലെ മന്ത്രി സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു.
സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെ ശുഭേന്ദു സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളില്‍ ഉപയോഗിച്ചിരുന്നില്ല.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. സുവേന്ദു അധികാരി പാര്‍ട്ടി വിടുകയാണെങ്കില്‍ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2007-08-ല്‍ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദ. എന്നാല്‍ നേതൃനിരയില്‍ നിരന്തരം സുവേന്ദയെ അവഗണിക്കുന്നുവെന്നാണ് പരാതി.
2011-ല്‍ സുവേന്ദയെ മാറ്റിയാണ് അഭിഷേക് ബാനര്‍ജിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്.
സുവേന്ദ അധികാരി പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നത് തൃണമൂലിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വിപുലമായ സംഘടനാ ശൃംഖലയുള്ളയാളാണ് അദ്ദേഹം. തൃണമൂലിന്റെ ചുരുക്കം വരുന്ന ജനകീയ നേതാക്കളിലൊരാളായ സുവേന്ദ പാര്‍ട്ടി വിടുകയാണെങ്കില്‍ കൂടുതല്‍ നേതാക്കളെ സമാനമായ തീരുമാനത്തിന് പ്രേരിപ്പിക്കുമെന്നും വിലയിരുത്തുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിക്ക് സുവേന്ദയുടെ വരവ് വലിയൊരു മുതല്‍കൂട്ടാകും.
പാര്‍ട്ടിയിലെ അസംതൃപ്തിക്ക് പുറമെ സുവേന്ദയ്ക്ക് തൃണമൂല്‍ വിടാനുള്ള ചില നിര്‍ബന്ധിത സാഹചര്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മമതയുടെ അടുത്ത അനുയായിയും ഇപ്പോള്‍ ബിജെപി ദേശീയ സെക്രട്ടറിയുമായ മുകുള്‍ റോയിക്കൊപ്പം നാരദ കേസില്‍ സുവേന്ദയുടെ പേരും ഇടംപിടിച്ചിട്ടുണ്ട്.
content highlights: Suvendu Adhikari Quits