ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍  തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പങ്കെടുക്കാനിരുന്ന എല്ലാ റാലികളും റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് റാലികള്‍ ഒഴിവാക്കുന്നതെന്ന് വ്യക്തമാക്കിയ രാഹുല്‍, ജനങ്ങള്‍ വന്‍തോതില്‍ കൂടിച്ചേരാനിടയാക്കുന്ന റാലികള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. 

നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാന്‍ എല്ലാ നേതാക്കളോടും അഭ്യര്‍ഥിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 

എട്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ പൊടുന്നനെയാണ് കോവിഡ് വ്യാപനം രൂക്ഷമായത്. ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ച കോവിഡ് മാനദണ്ഡങ്ങള്‍ ആദ്യ അഞ്ച് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും രാഷ്ട്രീയകക്ഷികള്‍ ലംഘിച്ചിരുന്നു. ബഹുജനറാലികളിലും റോഡ്‌ഷോകളിലും സാമൂഹികാകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല.

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ പ്രചാരണപരിപാടികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍  കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരസ്യപ്രചാരണസമയം കുറയ്ക്കുകയും നിശ്ശബ്ദപ്രചാരണത്തിന്റെ സമയം 72 മണിക്കൂറായി ദീര്‍ഘിപ്പിക്കുകയും ചെയ്തു. രാത്രി ഏഴ് മുതല്‍ രാവിലെ പത്ത് മണി വരെയുള്ള സമയത്ത് റാലികളോ പൊതുയോഗങ്ങളോ നടത്തുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

Content Highlights: Suspending All My Public Rallies Rahul Gandhi Amid Bengal Covid Surge