ചെന്നൈ: മുന്‍ ഡി.എം.കെ. എം.പി. കെ.പി.രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. ഈ വര്‍ഷം ആദ്യം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാമലിംഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന്‍, സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയുള്ള നേതാവ് സി.ടി രവി എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

എം.കെ.അഴഗിരിയെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം കെ.പി.രാമലിംഗം പറഞ്ഞു. "അഴഗിരിയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും." - രാമലിംഗം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു. ബിജെപി നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍, എച്ച്. രാജ എന്നിവരും ചടങ്ങില്‍ പങ്കാളികളായിരുന്നു. 

സംസ്ഥാനത്ത് ബി.ജെ.പി.യെ കെട്ടിപ്പെടുക്കാന്‍ പ്രയത്‌നിക്കുമെന്നും രാമലിംഗം പറഞ്ഞു. 30 വര്‍ഷം മുമ്പ് ഡി.എം.കെ.യില്‍ ചേരുന്ന സമയം പാര്‍ട്ടി വലിയ തിരിച്ചടികള്‍ നേരിടുകയായിരുന്നു. പാര്‍ട്ടിയെ കെട്ടിപ്പെടുക്കാന്‍ താന്‍ സഹായച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ് വിഷയത്തില്‍ എം.കെ. സ്റ്റാലിന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിനെതിരെ സംസാരിച്ചതിനെതിനേ തുടര്‍ന്നാണ് അച്ചടക്ക നടപടിയായി കെ.പി.രാമലിംഗത്തെ ഈ വര്‍ഷം മാര്‍ച്ചില്‍ ഡി.എം.കെ.യില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ബി.ജെ.പി. നേതൃയോഗത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നെയില്‍ എത്തുന്ന അവസരത്തിലാണ് കെ.പി.രാമലിംഗം ബി.ജെ.പി.യില്‍ ചേര്‍ന്നത്.

Content highlights: Suspended DMK leader KP Ramalingam joins BJP, says will bring MK Alagiri too