-
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി നേതാവിന്റെ കുറ്റസമ്മതം. എഎപി സസ്‌പെന്‍ഡ് ചെയ്ത നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി കൗണ്‍സിലര്‍ ആയ താഹിര്‍ ഹുസൈന്‍ കലാപത്തില്‍ തനിക്ക് പങ്കുണ്ടായിരുന്നുവെന്ന് സമ്മതിച്ചത്. ഡല്‍ഹി പോലീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കലാപത്തില്‍ അക്രമത്തിന് ആളുകളെ പ്രേരിപ്പിച്ചുവെന്ന് ഇയാള്‍ സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഉമര്‍ഖാലിദുമായി കഴിഞ്ഞ ജനുവരി എട്ടിന് ഷഹീന്‍ ബാഗിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും താഹിര്‍ ഹുസൈന്‍ പറയുന്നു.
ചില്ലുകുപ്പികള്‍, പെട്രോള്‍, ആസിഡ്, കല്ലുകള്‍ തുടങ്ങിയവ പരമാവധി സംഭരിച്ചുവെക്കുക എന്നതായിരുന്നു താഹിര്‍ ഹുസൈനിന്റെ ചുമതലയെന്ന് ഡല്‍ഹി പോലീസ് പറയുന്നു.
ഖാലിദി സെയ്ഫി എന്നയാളാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നും താഹിര്‍ പോലീസിനോട് വെളിപ്പെടുത്തി. ഖാലിദ് സെയ്ഫിയും സുഹൃത്ത് ഇശ്രത് ജഹാനും ചേര്‍ന്ന് ഷഹീന്‍ബാഗില്‍ ധര്‍ണ ആരംഭിച്ചു. ഫെബ്രുവരി നാലിന് അബുഫൈസല്‍ എന്‍ക്ലേവില്‍ വെച്ച് ഖാലിദ് സെയ്ഫിയുമായി കൂടിക്കാഴ്ച നടത്തുകയും കലാപത്തിന് പദ്ധതിയൊരുക്കുകയും ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്നവരെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കലാപം ആസൂത്രണം ചെയ്തതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ വലുതായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ സര്‍ക്കാരിനെ മുട്ടുകുത്തിക്കാനാകുവെന്ന് ഖാലിദ് സെയ്ഫി പറഞ്ഞതായും പോലീസ് വെളിപ്പെടുത്തുന്നു.
ഫെബ്രുവരി 24-ന് തന്റെ വീട്ടിലുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ഉച്ചയ്ക്ക് 1.30-ഓടെ തന്റെ ആളുകളെ വിളിച്ചുകൂട്ടി പെട്രോള്‍ ബോംബുകളും ആസിഡും കല്ലുകളുമൊക്കെ പ്രയോഗിക്കാന്‍ തുടങ്ങി- ഡല്‍ഹി പോലീസ് പറയുന്നു.
ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ കൊലപാതകത്തിലെ മുഖ്യ പ്രതിയാണ് താഹിര്‍ ഹുസൈന്‍. ഫെബ്രുവരി 26-നാണ് കലാപത്തിനിടെ കൊല്ലപ്പെട്ട അങ്കിതിന്റെ മൃതദേഹം കണ്ടത്തിയത്.
Content Highlights: Suspended AAP Leader Tahir Hussain Admits His Role In Delhi Violence: Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..