ന്യൂയോര്‍ക്ക്: ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്താന്റെ ലക്ഷ്യം ജിഹാദികളെ ഉണ്ടാക്കുന്നത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
പാകിസ്താന് ജിഹാദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യക്കാരെ കൊലപ്പെടുത്തുക മാത്രമല്ല, മറിച്ച് അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജനങ്ങളെ കൂടി ഇല്ലാതാക്കുക എന്നതാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു സുഷമ.
തീവ്രവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തീവ്രവാദം ആഗോള അഗ്നിയായി മാറിയിരിക്കുകയാണ്. ഇതിന് പരിഹാരം കാണണം.
ഞങ്ങളുടേത് ദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടമാണ്. പക്ഷെ ഞങ്ങളുടെ അയല്‍ക്കാരായ പാകിസ്താന് ഞങ്ങള്‍ക്കെതിരെ പോരാടാനാണ് ആവേശം കാണിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഹസ്തമാണ് വാഗ്ദാനം ചെയ്തത്. പാകിസ്താന് എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്നതിന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന് ഉത്തരം പറയണം.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് തീവ്രവാദത്തെ കുറിച്ച് പാകിസ്താന്റെ നിലപാട്. പിന്നെങ്ങനെ നിങ്ങള്‍ തീവ്രവാദത്തിനെതിരെ പോരാടുമെന്നും സുഷമ പാകിസ്താനോട് ചോദിച്ചു.
ഇന്ത്യ ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് എന്നിവയെല്ലാം സ്ഥാപിക്കുന്നു. എന്നാല്‍ പാകിസ്താന് തീവ്രവാദ പ്രവര്‍ത്തനത്തിനായി ജെ.ഇ.എം, എല്‍.ഇ.ടി, ഹഖാനി നെറ്റ് നെറ്റ്വര്‍ക്ക് എന്നിവയെല്ലാം ഉണ്ടാക്കുന്നു. നമ്മള് സൃഷ്ടിക്കുന്ന ഡോക്ടര്‍മാര്‍ ജനങ്ങളുടെ ജീവന് രക്ഷിക്കുന്നു. എന്നാല്‍ പാകിസ്താന് സൃഷ്ടിക്കുന്ന ഭീകരര്‍ ജനങ്ങളുടെ ജീവനെടുക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..