ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ തിരിച്ചറിയാനും അതിനുള്ള പരിഹാരം ചര്‍ച്ചചെയ്യാനുമായി കോണ്‍ഗ്രസ് രൂപവത്കരിക്കുന്ന ടാസ്‌ക് ഫോഴ്‌സില്‍ ലെഫ്. ജനറല്‍(റിട്ട) ഡി.എസ്. ഹൂഡയും. 2016-ലെ മിന്നലാക്രമണത്തില്‍ മുഖ്യപങ്കുവഹിച്ച ഡി.എസ്. ഹൂഡയായിരിക്കും കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം വഹിക്കുകയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഔദ്യോഗികമായി അറിയിച്ചു. 

സൈന്യത്തില്‍നിന്നും പോലീസ് സര്‍വ്വീസില്‍നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാകും കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സിന് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കുക. രാജ്യസുരക്ഷയില്‍ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടായിരിക്കും ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രത്യേക സംഘത്തെ തന്നെ ഇക്കാര്യങ്ങള്‍ പഠിക്കാനായി രൂപീകരിക്കുന്നത്. 

ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ജനറലായിരുന്ന ഡി.എസ്. ഹൂഡ നോര്‍ത്തേണ്‍ ആര്‍മിയുടെ കമാര്‍ഡറായിരിക്കെയാണ് പാകിസ്താനെതിരേ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. മിന്നലാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അഭിപ്രായപ്പെട്ട ഡി.എസ്. ഹൂഡയുടെ പ്രസ്താവന പിന്നീട് വന്‍വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. 

Content Highlights: surgical strike hero general ds hooda will lead congress task force on national security