സൂറത്ത്: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തുടനീളം മാസ്ക് നിർബന്ധമാക്കിയതോടെ മാസ്കും വസ്ത്രധാരണത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ആകർഷണീയമായ മുഖാവരണങ്ങൾ വിപണിയിലെത്തിക്കാനുള്ള വ്യാപാരികളുടെ ശ്രമങ്ങളിൽ വിലപിടിപ്പുള്ളവയും ഉൾപ്പെടുന്നുവെന്നതിന് തെളിവാണ് ഗുജറാത്തിലെ ഒരു ആഭരണവ്യാപാരി വിൽപനയ്ക്കെത്തിച്ച വജ്രം പതിപ്പിച്ച മാസ്കുകൾ.

ഒന്നരലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെയാണ് സൂറത്തിൽ ജ്വല്ലറിയുടമയായ ദീപക് ചോക്സി വിൽപനയ്ക്കെത്തിച്ച വജ്രവും സ്വർണവും പതിപ്പിച്ച മാസ്കുകളുടെ വില. വിവാഹാവശ്യത്തിനായി ഒരു ഉപഭോക്താവ് 'വിലകൂടിയ' മുഖാവരണം ആവശ്യപ്പെട്ടെത്തിയതാണ് ഇത്തരം മാസ്ക്കുകൾ തയ്യാറാക്കി വിൽക്കാനുള്ള പ്രചോദനമെന്ന് ഇദ്ദേഹം പറയുന്നു.

ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിവാഹച്ചടങ്ങിൽ വധൂവരന്മാർക്കണിയാൻ വ്യത്യസ്തമായ മാസ്ക് ആവശ്യപ്പെട്ട് ഒരു സ്ഥിരം ഉപഭോക്താവെത്തിയതിന് പിന്നാലെ അത്തരത്തിലുള്ള മാസ്ക്കുകകളുടെ രൂപകൽപനയ്ക്കായി ഡിസൈനർമാരെ ഏൽപ്പിച്ചതായി ദീപക് പറഞ്ഞു. വജ്രം പതിപ്പിച്ച് നിർമിച്ച മാസ്കുകൾക്ക് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ആവശ്യക്കാർ വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ശുദ്ധമായ വജ്രവും അമേരിക്കൻ ഡയമണ്ടും മാസ്ക് നിർമാണത്തിലുപയോഗിക്കുന്നുണ്ട്. സ്വർണത്തിനൊപ്പം അമേരിക്കൻ ഡയമണ്ട് ഉപയോഗിച്ച് മോടിപിടിപ്പിക്കുന്നവയ്ക്ക് മാസ്കിന് ഒന്നര ലക്ഷത്തോളവും വൈറ്റ് ഗോൾഡും വജ്രവും ഉപയോഗിച്ച് നിർമിക്കുന്നവയ്ക്ക് നാല് ലക്ഷത്തോളവുമാണ് വില. സർക്കാർ മാർഗനിർദേശമനുസരിച്ചുള്ള തുണിയാണ് മാസ്കിനുപയോഗിക്കുന്നതെന്നും ദീപക് കൂട്ടിച്ചേർത്തു. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ചാണ് മാസ്ക് നിർമാണം.

 പുണെയിലെ ശങ്കർ ഖുരാദെ എന്നയാൾ നേരത്തെ സ്വർണമുപയോഗിച്ച് മാസ്ക് നിർമിച്ചിരുന്നു. 2.89 ലക്ഷം രൂപയാണ് ഇതിന്റെ വില.