ന്യൂഡല്‍ഹി: പി.എം. കെയേര്‍സ് ഫണ്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ. സുപ്രീംകോടതി വിധി രാഹുല്‍ഗാന്ധിക്കും അദ്ദേഹത്തിന്റെ വാടക പ്രതിഷേധ സംഘത്തിനും ലഭിച്ച കനത്ത പ്രഹരമാണെന്ന് നഡ്ഡ പറഞ്ഞു. കോണ്‍ഗ്രസിന്റെ ക്ഷുദ്രമായ ശ്രമങ്ങള്‍ക്കിടയിലും സത്യം ശോഭിച്ചുനില്ക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.എം. കെയേര്‍സ് ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജെ.പി. നഡ്ഡ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രംഗത്ത് വന്നത്.
കോവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിച്ച പണം എന്‍ഡിആര്‍എഫിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നു. പിഎം കെയേഴ്സ് ശേഖരിക്കുന്ന പണം തികച്ചും വ്യത്യസ്തമാണെന്നും അത് ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പണമാണെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഈ പണം കൈമാറുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അങ്ങനെ ആകാമെന്നുമാണ് കോടതി പറഞ്ഞത്.
പി.എം. കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നല്കിയ സാധാരണക്കാരായ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും നഡ്ഡ പറഞ്ഞു. കോടതി ഉത്തരവ് വന്നതോടെ രാഹുല്‍ ഗാന്ധിയും പ്രതിഷേധ സമരങ്ങൾ നടത്താനായി അദ്ദേഹം വാടകയ്ക്കെടുത്ത ആക്ടിവിസ്റ്റ് സൈന്യവും സ്വയം നന്നാവുമോ അതോ ലജ്ജിക്കുമോ- നഡ്ഡ ചോദിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വന്തം ട്രസ്റ്റിലേക്ക് മാറ്റിയവരാണ് കോണ്‍ഗ്രസുകാര്‍. സ്വന്തം തെറ്റുകള്‍ മറയ്ക്കാനാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് രാജ്യത്തിന് നന്നായി മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Supreme Court verdict is blow to Rahul Gandhi & his band of ‘rent a cause’ activists
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..