ജല്ലിക്കെട്ട് (ഫയൽ ചിത്രം) | Photo: AP
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ജല്ലികെട്ടിനും മഹാരാഷ്ട്രയിലെയും കര്‍ണാടകയിലേയും കാളയോട്ട മത്സരങ്ങള്‍ക്കും അനുമതി നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയത്.
ജല്ലിക്കെട്ട് പോലുള്ള കായിക വിനോദങ്ങള്‍ സാംസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് പ്രകാരം അനുവദനീയമാകുന്നതിന് നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത നിരോധിക്കുന്ന 1960-ലെ കേന്ദ്രനിയമം ഭേദഗതി ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കെട്ടും മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ കാളയോട്ട മത്സരങ്ങളും നിയമവിധേയമാക്കിയത്.
നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് മാത്രമേ ജല്ലികെട്ട് നടത്താവൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റുമാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ജല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ലെന്നും സാംസ്‌കാരികമായ അവകാശമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. 2014-ല്‍ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് നിയമംകൊണ്ടുവന്നത്.
Content Highlights: Supreme Court upholds law allowing Jallikattu in Tamil Nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..